‘എന്റെ പൊന്നു കാന്‍സറെ ഞാന്‍ പണ്ടേ പറഞ്ഞതാ അവളെ തോല്‍പ്പിക്കാന്‍ നിനക്കാവൂലെന്നു; നീ തട്ടിയെടുത്തെങ്കിലും ഞങ്ങളെല്ലാം കൂടി അവളെയിവിടെ ജീവനോടെ തന്നെ നിര്‍ത്തും; അതാണ് നിന്റെ തോല്‍വി’! വൈകാരിക കുറിപ്പ് പങ്കുവെച്ച് രമേശ് കുമാര്‍

കൊച്ചി: ജീവിച്ച് കൊതി തീരും മുമ്പെ കാന്‍സര്‍ തട്ടിയെടുത്ത പ്രിയതമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് രമേശ് കുമാര്‍. പ്രണയിച്ച് വിവാഹിതരായവരാണ് രമേശ് കുമാറും അശ്വതിയും. ജീവിതത്തെ കൂടുതല്‍ മധുരമുള്ളതാക്കി കുഞ്ഞുമകന്‍ കൂടി ഇവരുടെ സ്വര്‍ഗ്ഗത്തിലേക്ക് കടന്നുവന്നെങ്കിലും വില്ലനായി അവതരിച്ച അര്‍ബുദം അശ്വതിയെ തട്ടിയെടുക്കുകയായിരുന്നു. എങ്കിലും രമേശിന്റെ ഓരോ വരികളിലൂടെയും ഫേസബുക്ക് കുറിപ്പുകളിലൂടെയും അശ്വതി ഇന്നും ജീവിക്കുകയാണ്.

ലോക കാന്‍സര്‍ ദിനത്തില്‍ അശ്വതിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് രമേശ്കുമാര്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ്:

ഫെബ്രുവരി 4,
ലോകകാന്‍സര്‍ദിനം.
എന്റെ പൊന്നു കാന്‍സറെ ഞാന്‍ പണ്ടേ പറഞ്ഞതാ അവളെ തോല്‍പ്പിക്കാന്‍ നിനക്കാവൂലെന്നു,ഇപ്പോ കണ്ടില്ലേ…?ഞാനും,മോനും,ഞങ്ങളുടെ പതിനായിരക്കണക്കിന് വരുന്ന ചങ്കു സുഹൃത്തുക്കളും ജീവനോടെയിരിക്കുന്നകാലത്തോളം കാന്‍സറെ നീ ജയിച്ചെന്നു കരുതണ്ട. അവളെ നീ തട്ടിയെടുത്താലും ഞങ്ങളെല്ലാം കൂടി അവളെയിവിടെ ജീവനോടെ തന്നെ നിര്‍ത്തും. അതുതന്നെയാണ് കാന്‍സറെ നിന്റെ തോല്‍വിയും. അസുഖത്തിന്റെ വേദനയിലും ആ മുഖത്തെ പുഞ്ചിരി കണ്ടില്ലേ..? ആ ചിരി തന്നെയാണ് ഞങ്ങടെ വിജയം. എനിക്കുറപ്പുണ്ട്,ആ ചിരിയിപ്പോള്‍ വെറും ചിരിയല്ല.കാന്‍സറിനോട് പടവെട്ടുന്ന ഒരുപാട് പേര്‍ക്ക് ‘ഒന്നുകില്‍ നീ, അല്ലെങ്കില്‍ ഞാന്‍ ..തീര്‍ച്ചയായും ഞാന്‍തന്നെ’ എന്നുപറഞ്ഞുകൊണ്ട് പൊരുതാനുള്ള ശക്തിപകരുന്ന ചിരിയാണത്…?? ആ ചിരിയിവിടെ നില്‍ക്കുന്നിടത്തോളംകാലം ഒരു കാര്യം ഉറപ്പാണ്, കാന്‍സറെ നിന്നെ ആളുകളിവിടെ തോല്‍പ്പിച്ചുകൊണ്ടേയിരിക്കും..അത് ഉറപ്പുള്ളതുകൊണ്ടുതന്നെയാണ് വീണ്ടും വീണ്ടും ചേര്ത്തുപിടിച്ചുകൊണ്ട് ആ പുഞ്ചിരിക്കുന്ന ചിത്രമിവിടെ ഞാന്‍ പോസ്റ്റികൊണ്ടിരിക്കുന്നത്. നിനക്കെങ്ങിനെയാണ് വേദനയിലും ഇങ്ങനെ മനോഹരമായി ചിരിക്കാനാവുന്നതെന്ന് ചോദിക്കുമ്പോള്‍ അവള്‍ പറയാറുണ്ട് ‘ആ ചിരിയാണ് നമ്മുടെ വിജയം അതില്ലെങ്കില്‍ നമ്മള്‍ തോറ്റുപോയവരാകും എന്ന് ….’ അതെ അവള്‍ തോറ്റുപോയവളല്ല, ആ ചിരിക്കുമുന്നില്‍ തോറ്റോടിയ കാന്‍സറിനെ ഞാന്‍ എത്ര തവണ കണ്ടിരിക്കുന്നു ..ഇതെഴുതുമ്പോള്‍ കൂടെ കാണുന്നുണ്ട്…….
‘ഒന്നുകില്‍ നീ,അല്ലെങ്കില്‍ ഞാന്‍ ..തീര്‍ച്ചയായും ഞാന്‍ തന്നെവിജയിക്കും’ എന്ന് മനസ്സിലുറപ്പിച്ചു കാന്‍സറിനോട് പോരാടുന്നവരോടൊപ്പം എല്ലാവിധ പിന്തുണകളുമായി ഞങ്ങളുമുണ്ട് …കരുത്തോടെ പോരാടുക അന്തിമവിജയം അത് നമ്മോടൊപ്പം തന്നെയാണ് …????

Exit mobile version