നേരത്തെ മോഹന്‍ലാലിന്റെ പോസ്റ്ററില്‍ കരി ഓയില്‍ ഒഴിച്ചു, ഇപ്പോള്‍ അവര്‍ തന്നെ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥി ആക്കാന്‍ ശ്രമിക്കുന്നു.! ബിജെപിക്ക് എന്തോ അജണ്ട ഉണ്ട്; ആ മഹാനടനെ ലോക്സഭയിലെ പിന്നിലെ സീറ്റില്‍ ഇരുത്താന്‍ അനുവദിക്കില്ല; ഫാന്‍സ് അസോസിയേഷന്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടികള്‍ സ്ഥാനര്‍ത്ഥി പട്ടിക തയ്യാറാക്കാനുള്ള ഓട്ടത്തിലാണ്. ഇതിനിടെയാണ് ബിജെപിയ്ക്ക് വേണ്ടി നടന്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കും എന്ന വാര്‍ത്ത പ്രചരിക്കുന്നത്. എന്നാല്‍ അതിനെതിരെ സമ്മിശ്ര പ്രതികരണമായിരുന്നു ഉയര്‍ന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷനും രംഗത്തെത്തിയിരിക്കുകയാണ്.

മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിജെപിയ്ക്ക് എന്തെങ്കിലും അജണ്ടയുണ്ടാകുമെന്നാണ് ഫാന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി വിമല്‍കുമാറിന്റെ വിലയിരുത്തല്‍. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘മോഹന്‍ലാല്‍ പണ്ട് ഒരു പ്രമുഖചാനലിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് എത്തിയപ്പോള്‍ ബിജെപിക്കാര്‍ അദ്ദേഹത്തിന്റെ പോസ്റ്ററില്‍ കരി ഓയിലൊഴിച്ച് പ്രതിഷേധിച്ചിട്ടുണ്ട്. എന്നിട്ട് അതേ ആളുകള്‍ എന്തിനാണ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവരാന്‍ നോക്കുന്നത്?’- എന്നായിരുന്നു വിമല്‍ കുമാര്‍ ചോദ്യം.

‘മോഹന്‍ലാല്‍ പൊതുസമൂഹത്തിന് പ്രിയപ്പെട്ട ആളാണ്. നല്ല നടനെന്ന് രാഷ്ട്രം അംഗീകരിച്ച വ്യക്തിയാണ്. അദ്ദേഹത്തെപ്പോലൊരു മഹാനടനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നിട്ട് ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങള്‍ക്ക് വിധേയനാക്കുക എന്നതായിരിക്കാം ബിജെപിയുടെ അജണ്ട. മോഹന്‍ലാല്‍ സിനിമയിലഭിനയിക്കണ്ട, പകരം ലോക്സഭയിലെ പിന്നിലെ സീറ്റില്‍ പോയി ഇരുന്നാല്‍ മതിയെന്നല്ല ഞങ്ങള്‍ കരുതുന്നത്’ – വിമല്‍ കുമാര്‍ വ്യക്തമാക്കി.

അതേസമയം മോഹന്‍ലാലിനെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്നും വിമല്‍കുമാര്‍ ചര്‍ച്ചയ്ക്കിടെ കൂട്ടിച്ചേര്‍ത്തു.

Exit mobile version