സാലറി ചലഞ്ചില്‍ പങ്കെടുത്തില്ല; പോലീസുകാര്‍ക്ക് അധികജോലി ചലഞ്ച് നല്‍കി ഉന്നത ഉദ്യോഗസ്ഥര്‍

സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണതോടെ പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്

ഇടുക്കി: സര്‍ക്കാരിന്റെ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ഇടുക്കിയിലെ പോലീസുകാരെ സ്ഥലംമാറ്റിയും അധിക ജോലിയെടുപ്പിച്ചും പീഡിപ്പിക്കുന്നുവെന്ന് ആരോപണം. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ഉദ്യോഗസ്ഥ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണതോടെ പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്.

സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ഇടുക്കിയിലെ അറുപതോളം പോലീസുകാര്‍ക്ക് ഒരാഴ്ചയായി നീലക്കുറിഞ്ഞി പൂത്ത മൂന്നാറിലെ രാജമലയിലാണ് ഡ്യൂട്ടി. വിദൂര സ്ഥലങ്ങളായ വാഗമണ്‍, കുമളി, മുരിക്കാശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വനിതകളടക്കമുള്ള പോലീസുകാരെയാണ് രാജമലയില്‍ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.

ഇവിടെ ഡ്യൂട്ടി സമയം രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയാണെന്നും ആഴ്ചയിലൊരിക്കല്‍ പോലും അവധി നല്‍കുന്നില്ലെന്നും പോലീസുകാര്‍ പറയുന്നു. ഇതിനിടെയാണ് പഴയ മൂന്നാറിലെ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ സിന്ധു കുഴഞ്ഞ് വീണത്.

പനി കൂടിയതിനെ തുടര്‍ന്ന് സിന്ധു അവധിയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ സഞ്ചാരികളുടെ തിരക്ക് കൂടുതലാണെന്ന് പറഞ്ഞ് അവധി നിഷേധിച്ചു. സിന്ധു സാലറി ചലഞ്ചില്‍ പങ്കെടുത്തിരുന്നില്ല. പ്രസവാവധിക്ക് ശേഷം സിന്ധു ഡ്യൂട്ടിയില്‍ തിരികെ പ്രവേശിച്ചിട്ട് അധികമായില്ല.

പോലീസുകാര്‍ക്കിടയില്‍ ഡ്യൂട്ടി മാറാന്‍ ആളില്ലാത്തതിനാല്‍ കുഴഞ്ഞ് വീണ സിന്ധുവിനെ വനപാലകരാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്നും നീലക്കുറിഞ്ഞി സീസണിലെ തിരക്ക് നിയന്ത്രിക്കുന്നതിനാണ് അധികമായി പോലീസുകാരെ നിയമിച്ചെന്നും ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Exit mobile version