പതിനേഴുകാരിയുമായി ഒളിച്ചോടി ഇലവീഴാപൂഞ്ചിറവനത്തില്‍ താമസം; മൂന്നാഴ്ചയ്ക്കു ശേഷം കമിതാക്കള്‍ പിടിയില്‍

കുമളി: ഒളിച്ചോടിപ്പോയി ഇലവീഴാപൂഞ്ചിറയിലെ വനത്തില്‍ കഴിയുകയായിരുന്ന കമിതാക്കള്‍ ഒടുവില്‍ പിടിയില്‍. കുമളി സ്വദേശിയായ പതിനേഴുകാരിക്കൊപ്പമാണ് മേലുകാവ് വൈലാറ്റില്‍ അപ്പുക്കുട്ടന്‍ എന്ന് വിളിക്കുന്ന ജോര്‍ജ് (21) കടന്നുകളഞ്ഞത്. മൂന്നാഴ്ച അടൂര്‍മല വനത്തിനുള്ളില്‍ കഴിഞ്ഞ കമിതാക്കള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മലയിറങ്ങുവാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.

പാക്ക് പറിക്കുവാന്‍ കുമളിയിലെത്തിയപ്പോഴാണ് അപ്പുക്കുട്ടന്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. ആറിന് പള്ളിയിലേക്കെന്നു പറഞ്ഞു വീട്ടില്‍നിന്നു പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. അടുപ്പമുണ്ടായിരുന്ന മേലുകാവ് സ്വദേശിയുടെ കൂടെയാണ് പെണ്‍കുട്ടി പോയതെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കുമളി പോലീസ് യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇതിനിടെ വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലെ വനത്തില്‍ ഇരുവരും ഒളിച്ച് കഴിയുന്നതായി പോലീസിനു സൂചന ലഭിച്ചു. ഇതോടെ മുപ്പതിലധികം വരുന്ന പോലീസ് സംഘം സ്ഥലത്ത് മൂന്നാഴ്ചയായി തെരച്ചില്‍ നടത്തിവരികയായിരുന്നു.

യുവാവ് കരിക്ക്, മാങ്ങ, തേങ്ങ തുടങ്ങിയവ സമീപത്തെ പുരയിടങ്ങളില്‍നിന്നു മോഷ്ടിച്ച് കൊണ്ടുവന്ന് ഭക്ഷിച്ചാണ് ഇരുവരും ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചെങ്കുത്തായ മല നിരകളായ പൂഞ്ചിറയിലെ പ്രദേശങ്ങള്‍ വ്യക്തമായി അറിയാവുന്നയാളാണ് യുവാവ്. പാറയിടുക്കുകളിലും വലിയ മരച്ചുവട്ടിലുമാണ് ഇവര്‍ കഴിഞ്ഞിരുന്നത്.

ചൊവ്വാഴ്ച പുലര്‍ചെ അഞ്ചരയോടെ രണ്ട് ചാക്കുകെട്ടുമായി അടൂര്‍ മലയില്‍നിന്നു കോളപ്ര ഭാഗത്തേക്കു വരുന്ന വഴി ഇവര്‍ പോലീസിന്റെ മുന്നില്‍പ്പെട്ടു. എന്നാല്‍ പോലീസിനെ കണ്ടയുടന്‍ ഇരുവരും രണ്ടു വഴിക്ക് ഓടി മറഞ്ഞു. പെണ്‍കുട്ടി ശരംകുത്തി ഭാഗത്തുള്ള ഒരു വീട്ടില്‍ എത്തി മുട്ടിവിളിച്ച് കുടിക്കുവാന്‍ വെള്ളം ആവശ്യപ്പെട്ടു. പെണ്‍കുട്ടി തീര്‍ത്തും അവശനിലയിലായിരുന്നു.

വീട്ടുകാര്‍ പെണ്‍കുട്ടിക്ക് ഭക്ഷണം നല്‍കി വിശ്രമിക്കുവാനുള്ള സൗകര്യം ചെയ്തു കൊടുത്തു. പിന്നീട് നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ പോലീസിലേല്‍പ്പിച്ചു. കുടയത്തൂര്‍ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയായ ഇലവീഴാപൂഞ്ചിറയിലെ വനമേഖലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. പോലീസ് ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ക്കും ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്.

ചിങ്ങവനം, കാഞ്ഞാര്‍ സ്റ്റേഷനുകളിലായി നിരവധി പീഡന കേസുകളില്‍ പ്രതിയാണ് യുവാവെന്നു പോലീസ് അറിയിച്ചു. ഇടുക്കിയിലും കോട്ടയത്തുമായി നിരവധി പെണ്‍കുട്ടികള്‍ ഇയാളുടെ വലയില്‍ വീണിട്ടുണ്ടെന്നു പോലീസ് പറയുന്നു. കാഞ്ഞാര്‍ സ്റ്റേഷനിലെത്തിച്ച ഇരുവരേയും കുമളി പോലീസിനു കൈമാറി. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി.

Exit mobile version