പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്ന് 10,000 രൂപ ധനസഹായം..! കോട്ടയത്ത് കെണിയില്‍ പെട്ടത് ആയിരങ്ങള്‍; വ്യാജ പ്രചരണം നടത്തിയവരെ കണ്ടെത്താനൊരുങ്ങി റവന്യു വകുപ്പ്

കോട്ടയം: ബിജെപിയുടെ വ്യാജ പ്രചരണത്തിന് ഇരകളായി കോട്ടയം കലക്ടറേറ്റിലേക്കെത്തിയത് ആയിരങ്ങള്‍. പ്രധാനമന്ത്രിയുടെ ഫണ്ടില്‍നിന്ന് പതിനായിരം രൂപ ധനസഹായം കൊടുക്കുന്നുവെന്നായിരുന്നു വ്യാജ വാര്‍ത്ത. തുടര്‍ന്ന് അപേക്ഷയുമായി എത്തിയവരോട് കാര്യങ്ങള്‍ വിശദീകരിച്ച് ഉദ്യോഗസ്ഥര്‍ വലഞ്ഞു. രണ്ടായിരത്തിലേറെ അപേക്ഷകളാണ് കലക്ടറേറ്റില്‍ ലഭിച്ചത്. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി ഇനിയും മനസിലായിട്ടില്ല. സംഭവത്തെക്കുറിച്ച് റവന്യു വകുപ്പ് അന്വേഷണം തുടങ്ങി.

തിങ്കളാഴ്ച രാവിലെ മുതലാണ് എഴുതിതയ്യാറാക്കിയ അപേക്ഷയുമായി ജനങ്ങള്‍ കളക്ടറേറ്റില്‍ കയറി ഇറങ്ങിയത്. എത്തിയവരില്‍ വൈക്കം, കോട്ടയം താലൂക്കുകളില്‍ നിന്നുള്‍പ്പെടെയുള്ളവരുണ്ട്. പ്രളയബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരസഹായമായി 10,000 രൂപവീതം നല്‍കിയ രീതിയില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ഫണ്ടില്‍നിന്ന് ധനസഹായം നല്‍കുന്നുവെന്നായിരുന്നു പ്രചാരണം. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രാരംഭ ഘട്ടത്തില്‍ കാര്യം പിടികിട്ടിയില്ലെങ്കിലും വിവിധ താലൂക്കുകളില്‍ നിന്നുള്ളവര്‍ ഇത്തരത്തില്‍ എത്തിയത് സംശയത്തിനിടയാക്കി.

സോഷ്യല്‍ മീഡിയ വഴി ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പരക്കുന്നത് പതിവാണെങ്കിലും ഇതിനായി ഈ സംവിധാനം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. എളുപ്പം പിടികൂടും എന്നതിനാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇത് ഒഴിവാക്കിയതാകാമെന്ന് അധികൃതര്‍ കരുതുന്നു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അപേക്ഷകര്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്.

എന്നാല്‍ എവിടെനിന്നാണ് വിവരം ലഭിച്ചതെന്ന് എഡിഎം അലക്‌സ് ജോസഫ് അടക്കമുള്ളവര്‍ ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ആരില്‍നിന്നും ലഭിച്ചിട്ടില്ല. അപേക്ഷകരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും അന്വേഷണം നടത്താനും റവന്യു വകുപ്പ് നടപടി തുടങ്ങി. ഇങ്ങനെയൊരു സഹായം ഇല്ലെന്ന് പറഞ്ഞെങ്കിലും ആളുകള്‍ പെട്ടെന്ന് മടങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പലരും പ്രളയാനന്തര സഹായം സംബന്ധിച്ച അപ്പീല്‍ അപേക്ഷ നല്‍കിയശേഷമാണ് തിരിച്ചു പോയത്.

Exit mobile version