ഇനി ആരും വിശന്നിരിക്കരുതെന്ന ലക്ഷ്യവുമായി കൊച്ചിയില്‍ ‘നുമ്മ ഊണ്’ പദ്ധതി; വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ന്

പകല്‍ 10.30 ന് കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം കളക്ടര്‍ നിര്‍വഹിക്കും

കൊച്ചി: ജില്ലയില്‍ ആരും പട്ടിണി കിടയ്ക്കരുതെന്ന ലക്ഷ്യത്തോടെ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വിശപ്പു രഹിത നഗരം പദ്ധതി ‘നുമ്മ ഊണ്’ന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ന്. പകല്‍ 10.30 ന് കളക്ടറേറ്റ് സ്പാര്‍ക്ക് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം കളക്ടര്‍ നിര്‍വഹിക്കും.

തെരഞ്ഞെടുത്ത ഹോട്ടലുകളില്‍നിന്ന് ആവശ്യക്കാര്‍ക്ക് സൗജന്യമായി ഉച്ചയൂണ് ലഭ്യമാക്കുന്ന പദ്ധതി കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ മന്ത്രി എസി മൊയ്തീനാണ് ഉദ്ഘാടനം ചെയ്തത്. നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പൈലറ്റ് പ്രോജക്ടായി തുടങ്ങിയ പദ്ധതി ഫലപ്രദമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രാമങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കളക്ടറേറ്റിലും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍നിന്നുമായി നിത്യേന 100 കൂപ്പണുകളാണ് നല്‍കിയിരുന്നത്.

പദ്ധതി വിജയമായതോടെ രണ്ടാംഘട്ടത്തില്‍ കൂപ്പണുകളുടെ എണ്ണം 300 ആക്കി. മൂന്നാംഘട്ടത്തില്‍ കൂപ്പണുകളുടെ എണ്ണം 500 ആക്കുകയും ഗ്രാമങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുകയുമായിരുന്നു.

Exit mobile version