പിറവം പള്ളിത്തര്‍ക്ക കേസ്; മൂന്നാം തവണയും ഡിവിഷന്‍ ബെഞ്ച് പിന്മാറി

ജസ്റ്റിസ് സികെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടിവി അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. അതേസമയം, പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

പിറവം: പിറവം പള്ളിത്തര്‍ക്കക്കേസ് കേള്‍ക്കുന്നതില്‍ നിന്നും മൂന്നാം തവണയും ഡിവിഷന്‍ ബെഞ്ച് പിന്മാറി. ജസ്റ്റിസ് സികെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ടിവി അനില്‍കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. അതേസമയം, പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

നേരത്തെ പിറവം പള്ളിത്തര്‍ക്കക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചും ജസ്റ്റിസ് ചിദംബരേഷ് അടങ്ങിയ ബെഞ്ചും പിന്മാറിയിരുന്നു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വക്കീലായിരിക്കെ സഭാതര്‍ക്കം സംബന്ധിച്ച കേസില്‍ യാക്കോബായ സഭയ്ക്കായി ഹാജരായിട്ടുണ്ടെന്ന തടസ്സമുന്നയിച്ച് അഞ്ച് വിശ്വാസികള്‍ കക്ഷിചേരാനെത്തിയ പശ്ചാത്തലത്തിലായിരുന്നു ആദ്യ ബെഞ്ചിന്റെ പിന്മാറ്റം.

പള്ളിത്തര്‍ക്കക്കേസില്‍ കക്ഷി ചേരാനെത്തിയ കാട്ടാച്ചിറയിലെ യാക്കോബായ സഭ വിശ്വാസിയാണ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പിന്‍മാറണമെന്ന ആവശ്യം കോടതിയെ അറിയിച്ചത്. ജസ്റ്റിസ് ചിദംബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി നേരത്തെ ഹാജരായതാണെന്ന് ചൂണ്ടികാട്ടിയായിരുന്നു രണ്ടാമത്തെ പിന്മാറ്റം.

യാക്കോബായ വിഭാഗം അഭിഭാഷകനായിരുന്നു ഇക്കാര്യം കോടതിയെ അറിയിച്ചത്. ജഡ്ജിമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ഏറ്റവും മോശം പ്രവൃത്തിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

Exit mobile version