പള്ളിയുടെ പുനര്‍നിര്‍മ്മാണത്തിനായി ഖബറടക്കം പൊളിച്ചു; 13 കൊല്ലം മുന്‍പ് മരിച്ചയാളുടെ മൃതദേഹം മണ്ണിനോട് ചേരാതെ കേടുപാടുകളില്ലാതെ കണ്ടെത്തി! സംഭവം കാസര്‍കോട്

2006 ഏപ്രില്‍ 27നായിരുന്നു ആമുവിന്റെ മരണം.

കാസര്‍കോട്: പതിമൂന്ന് വര്‍ഷം മുന്‍പ് മരിച്ചയാളുടെ ഖബറടക്കം തുറന്നപ്പോള്‍ കണ്ടത് മണ്ണിനോട് ചേരാതെ യാതൊരു കേടുപാടുകളുമില്ലാത്ത മൃതദേഹമാണ്. ബേക്കല്‍ മൗവ്വല്‍ രിഫാഇ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ തായല്‍ മൗവ്വലിലെ ഹസൈനാറിന്റെ മകന്‍ ആമുവിന്റെ (80) ഖബറിടം തുറന്നപ്പോഴാണ് മൃതദേഹം മണ്ണിനോട് ചേരാതെ അതേപടി കണ്ടെത്തിയത്. നീണ്ട 13 വര്‍ഷമായിട്ടും യാതൊരു കേടുപാടും സംഭവിക്കാത്തതിന്റെ കാരണം കണ്ടെത്താനായിട്ടില്ല. അമ്പരപ്പിലാണ് സമീപ വാസികള്‍.

2006 ഏപ്രില്‍ 27നായിരുന്നു ആമുവിന്റെ മരണം. പുനര്‍നിര്‍മ്മാണം നടക്കുന്ന പള്ളിയുടെ വീതി കൂട്ടാന്‍ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിക്കാനാണ് ഖബര്‍ സ്ഥലം കുഴിച്ചത്. അപ്പോഴാണ് മൃതദേഹം യാതൊരു കോട്ടവും സംഭവിക്കാതെ അതേപടി മണ്ണില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ആമുവിന്റെ മൂത്ത മകന്‍ അന്‍സാര്‍ എത്തി പരിശോധിച്ച് ഉറപ്പുവരുത്തി. പിതാവിന്റെ മൃതദേഹം അതേപടിയുണ്ടെന്ന് അന്‍സാരി പറഞ്ഞു. രണ്ടാമത്തെ മകന്‍ അസീസാണ് 13 വര്‍ഷത്തിന് ശേഷം പിതാവിന്റെ മൃതദേഹം കണ്ടത്.

ഖബര്‍ അതേപടി കണ്ടതിനാല്‍ പള്ളിയുടെ നവീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസമാണ് ഖബര്‍ തുറന്നത്. മൃതദേഹം അതേപടി കണ്ടതോടെ ഖബര്‍ പൂര്‍വ്വസ്ഥിതിയിലാക്കി. മൃതദേഹം അടക്കം ചെയ്യുമ്പോള്‍ ഉപയോഗിച്ച സുഗന്ധദ്രവ്യത്തിന്റെ മണവുമുണ്ടായിരുന്നു. വ്യാജപ്രചരണമാണെന്ന സംശയത്തെ തുടര്‍ന്ന് കാസര്‍കോട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം അതേപടിയുണ്ടെന്ന് ഉറപ്പാക്കി. ആസിയുമ്മയാണ് ആമുവിന്റെ ഭാര്യ. അന്‍സാരിയെയും അസീസിനെയും കൂടാതെ അഷ്‌റഫ്, ബീവി, സൈനബ, ഖദീജ എന്നിവരും മക്കളാണ്.

Exit mobile version