അമൃതാനന്ദമയി മഠത്തിനായി കരുനാഗപ്പള്ളിയില്‍ അനധികൃതമായി വാങ്ങിയത് നൂറേക്കര്‍; രേഖകള്‍ നല്‍കാതെ മഠം; വ്യതിചലിക്കാതെ തഹസില്‍ദാര്‍

തുടര്‍നടപടിക്ക് ജില്ലാ ഭരണകൂടവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കരുനാഗപ്പള്ളി: അമൃതാനന്ദമയി മഠത്തിനായി കരുനാഗപ്പള്ളി താലൂക്കില്‍ നൂറ് ഏക്കര്‍ അനധികൃതമായി വാങ്ങിയെന്ന് കണ്ടെത്തല്‍. വിവിധ സംഘടനകള്‍ പരാതിയുമായി രംഗത്തെത്തിയതോടെയാണ് റവന്യൂ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഭൂമിയും സ്ഥലവും അനധികൃതമായി വാങ്ങിയതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് തഹസില്‍ദാര്‍ സെക്രട്ടറിയായ താലൂക്ക് ലാന്റ് ബോര്‍ഡ് അമൃതാനന്ദമയി മഠം അധികൃതരെ വിളിച്ചുവരുത്തി ഭൂമിയുടേയും നിലത്തിന്റേയും കണക്കുകള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കണക്കുകള്‍ സമര്‍പ്പിക്കാന്‍ കൂട്ടാക്കാതിരുന്ന മഠം, ഇതിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ടു, എങ്കിലും സമയം അനുവദിക്കാനാകില്ലെന്നാണ് തഹസില്‍ദാറുടെ പക്ഷം. തുടര്‍നടപടിക്ക് ജില്ലാ ഭരണകൂടവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2004ന് ശേഷം അദിനാട്, കുലശേഖരപുരം, കരുനാഗപ്പള്ളി വില്ലേജുകളില്‍ വാങ്ങിയ സ്ഥലത്തെ കുറിച്ചാണ് റവന്യൂ വിഭാഗം അന്വേഷിച്ചത്. മുമ്പ് 2002-2005 കാലത്ത് വള്ളിക്കാവിലെ അമൃത എന്‍ജിനീയറിങ് കോളജിന് ഭൂമി വാങ്ങാന്‍ ട്രസ്റ്റിന് അനുമതി നല്‍കിയിരുന്നു. ഈ അനുമതി രേഖയുടെ മറവിലും മഠം വന്‍ തോതില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. പോക്കുവരവ് നടപടി സ്വീകരിക്കാത്ത ഭൂമിയും ഇതിലുണ്ട്.

Exit mobile version