സീറ്റില്‍ പിടിവലി കൂടി ബിഡിജെഎസും ബിജെപിയും! എട്ട് സീറ്റ് വേണമെന്ന് ബിഡിജെഎസ്; നാലില്‍ കൂടുതല്‍ തരില്ലെന്ന് ബിജെപി

തിരുവനന്തപുരം:ലോക്‌സഭ സീറ്റ് വിഭജനത്തില്‍ പിടിവലി കൂടി ബിഡിജെഎസും ബിജെപിയും. എട്ട് സീറ്റില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചക്കില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കുമ്പോള്‍ പരമാവധി നാല് സീറ്റെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബിജെപി സംസ്ഥാന ഘടകം.

തൃശ്ശൂരും പത്തനംതിട്ടയും അടക്കം എട്ടിടത്തെങ്കിലും മത്സരിക്കാന്‍ അവസരം വേണമെന്നാണ് തുഷാര്‍വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പരമാവധി നാല് സീറ്റെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബിജെപി നേതൃത്വം. ശബരിമല വിഷയം അനുകൂല ഘടകമാണെന്ന് വിലയിരുത്തുന്നതിനാല്‍ വിജയ സാധ്യതയുള്ള പത്തനംതിട്ടയും തൃശ്ശൂരിലും മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇതിനകം കണ്ണുവച്ചിട്ടുമുണ്ട്.

എന്നാല്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ബിജെപിയോട് വിട്ട് വീഴ്ച വേണ്ടെന്ന നിലപാടിലാണ് തുഷാര്‍ വെള്ളാപ്പള്ളി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് 28 ന് ബിഡിജെഎസ് നേതൃത്വവുമായി ബിജെപി നേതാക്കള്‍ കൊച്ചിയില്‍ ചര്‍ച്ച നടത്തുന്നുണ്ട്. സംസ്ഥാന നേതൃത്വവുമായാണ് നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നതെങ്കിലും ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാട് കൂടി അറിഞ്ഞ ശേഷമായിരിക്കും സീറ്റ് വിഭജന തീരുമാനം.

Exit mobile version