കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സര്‍വ്വീസ്; സമ്മര്‍ദ്ദം ശക്തമാക്കാന്‍ സര്‍ക്കാര്‍ യോഗം 21ന് ചേരും

യുഎഇ, സൗദി, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ ബഹറൈന്‍ കുവൈത്ത് എന്നീ രാഷ്ട്രങ്ങളിലേക്ക് കൂടി ഉടന്‍ സര്‍വ്വീസ് വ്യാപിപ്പിക്കും. ഗോ എയറിന് പുറമെ ഇന്റിഗോ കൂടി ഉടന്‍ ആഭ്യന്തര സര്‍വ്വീസുകള്‍ തുടങ്ങും. ഇന്ധനനികുതിയില്‍ ലഭിച്ച ഇളവ് പുതുതായി പ്രവര്‍ത്തനം തുടങ്ങിയ വിമാനത്താവളമെന്ന നിലയില്‍ വലിയ സഹായമാവുമെന്നാണ് വിലയിരുത്തല്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര,അന്താരാഷ്ട്ര വിദേശ വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ക്കായി സമ്മര്‍ദം ശക്തമാക്കാന്‍ സര്‍ക്കാര്‍. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിമാനക്കമ്പനികളും വ്യോമയാന മന്ത്രാലയ അധികൃതരും പങ്കെടുക്കുന്ന യോഗം 21ന് ചേരും.

21ന് ചേരുന്ന് യോഗത്തിലേക്ക് ഗള്‍ഫ്, മലേഷ്യ, സിംഗപ്പൂര്‍ വിമാനക്കമ്പനികളെയും ക്ഷണിച്ചിട്ടുണ്ട്. താല്‍പ്പര്യമുള്ള മുഴുവന്‍ വിമാനക്കമ്പനികളെയും എത്തിച്ച് സര്‍വ്വീസ് വിപുലീകരിക്കുകയാണ് യോഗത്തന്റെ പ്രധാന ലക്ഷ്യം.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ച് ഒരുമാസം കഴിയുമ്പോള്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തെ മറികടക്കുന്ന സ്ഥിതിയിലാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ ആണ് യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സര്‍വ്വീസുകള്‍ക്കായി ഉള്ള നീക്കം തുടങ്ങുന്നത്.

കാര്‍ഗോ കോംപ്ലക്‌സ്, റണ്‍വേ അടക്കമുള്ളവയുടെ വികസനത്തിനും വായ്പ്പാഭാരം കുറക്കാന്‍ ലക്ഷ്യമിട്ടും ഓഹരിമൂലധനം 1500 കോടിയില്‍ നിന്ന് 3500 കോടിയാക്കി ഉയര്‍ത്താനുള്ള പ്രമേയം അവതരിപ്പിച്ചു. യുഎഇ, സൗദി, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങള്‍ക്ക് പുറമെ ബഹറൈന്‍ കുവൈത്ത് എന്നീ രാഷ്ട്രങ്ങളിലേക്ക് കൂടി ഉടന്‍ സര്‍വ്വീസ് വ്യാപിപ്പിക്കും. ഗോ എയറിന് പുറമെ ഇന്റിഗോ കൂടി ഉടന്‍ ആഭ്യന്തര സര്‍വ്വീസുകള്‍ തുടങ്ങും. ഇന്ധനനികുതിയില്‍ ലഭിച്ച ഇളവ് പുതുതായി പ്രവര്‍ത്തനം തുടങ്ങിയ വിമാനത്താവളമെന്ന നിലയില്‍ വലിയ സഹായമാവുമെന്നാണ് വിലയിരുത്തല്‍.

Exit mobile version