ചര്‍ച്ചയില്‍ പങ്കെടുക്കണമെങ്കില്‍ അനുമതി വാങ്ങണം! സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ കാനോനിക നിയമങ്ങള്‍ പാലിക്കണം; വൈദീകര്‍ക്കും കന്യാസ്ത്രീകള്‍ക്കും പെരുമാറ്റ ചട്ടം കൊണ്ടുവന്ന് സിറോ മലബാര്‍ സഭ സിനഡ്

കൊച്ചി: സിറോ മലബാര്‍ സഭയിലെ വൈദീകര്‍ക്കും സന്യസ്തര്‍ക്കും പെരുമാറ്റ മാര്‍ഗരേഖ കൊണ്ടുവരാന്‍ സിറോ മലബാര്‍ സഭ സിനഡില്‍ തീരുമാനം. സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ കാനോനിക നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഗുരുതരകുറ്റമായി കണക്കാക്കുമെന്നും അച്ചടക്കം ലംഘിച്ചാല്‍ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി വ്യക്തമാക്കി.

സഭയ്‌ക്കെതിരെ നടത്തുന്ന ചിലരുടെ പരസ്യപ്രതിഷേധങ്ങള്‍ അച്ചടക്കത്തിന്റെ അതിരുകള്‍ ലംഘിച്ചതിനാലും, ചില വൈദികരും സന്യസ്തരും സഭാ വിരുദ്ധ ഗ്രൂപ്പുകളുടെ കൈയിലെ പാവകളായോ എന്നും സംശയിക്കുന്നതിനാലുമാണ് അച്ചടക്കം പുനസ്ഥാപിക്കുന്നതിന് വേണ്ടി മാര്‍ഗ്ഗരേഖ കൊണ്ടുവരാന്‍ തീരുമാനിച്ചത് എന്ന് സിനഡ് വ്യക്തമാക്കി.

സഭയില്‍ ഗുരുതരമായി അച്ചടക്കം ലംഘിക്കുന്നവര്‍ക്ക് ആദ്യം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. അതിന് നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാതൃകാപരമായ നടപടി നിയമാനുസൃതം സ്വീകരിക്കും. അച്ചടക്ക നടപടികളെ സഭാവിരുദ്ധ ഗ്രൂപ്പുകളുടെയും മാധ്യമങ്ങളുടെയും പിന്തുണയോടെ പ്രതിരോധിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നും സിനഡ് വ്യക്തമാക്കി. ഇത് സംബന്ധിച്ച് രൂപതാ അധ്യക്ഷന്‍മാര്‍ക്കും സന്യാസ സമൂഹ അധികാരികള്‍ക്കും നിര്‍ദ്ദേശം നല്‍കി.

സഭയെയും അധ്യക്ഷന്‍മാരെയും അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സഭ നിയോഗിക്കുന്ന ഔദ്യോഗിക വക്താക്കളോ മീഡിയാ കമ്മീഷന്‍ നല്‍കുന്ന വാര്‍ത്തകളെ നല്‍കാവൂ എന്നും സിനഡ് പറയുന്നു.ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ രൂപതാ അധ്യക്ഷന്റെ അനുമതി വാങ്ങണം. അല്ലാതെ ചര്‍ച്ചകളില്‍ ചിലര്‍ നടത്തുന്ന അഭിപ്രായം സഭയുടെ അഭിപ്രായമല്ലെന്നും സിനഡ് വ്യക്തമാക്കി

Exit mobile version