റിപ്പബ്ലിക് ദിനത്തില്‍ വ്യോമസേനയെ നയിക്കാന്‍ രാഗിയും; മലയാളികള്‍ക്ക് അഭിമാനമായി പുനലൂരുകാരി ഫ്‌ളയിങ് ഓഫീസര്‍

വ്യോമസേനയെ നയിക്കാന്‍ ഇത്തവണ നായകസ്ഥാനത്ത് മലയാളി വനിതയും.

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെയും സൈന്യത്തിന്റെയും അഖണ്ഡതയും ഐക്യവും കരുത്തും കാണിക്കുന്ന പരേഡില്‍ വ്യോമസേനയെ നയിക്കാന്‍ ഇത്തവണ നായകസ്ഥാനത്ത് മലയാളി വനിതയും. വ്യോമസേനാസംഘത്തെ നയിക്കുന്ന നാലുപേരിലൊരാള്‍ കൊല്ലം പുനലൂര്‍ സ്വദേശി ഫ്ളയിങ് ഓഫീസര്‍ രാഗി രാമചന്ദ്രനാണ്. എംഐ-17 ഹെലികോപ്റ്റര്‍ പൈലറ്റായ രാഗിക്ക് തന്റെ ആദ്യ റിപ്പബ്ലിക്ദിനപരേഡില്‍ തന്നെയാണ് നായികസ്ഥാനം ലഭിച്ചത്. ഇത്തവണ നാല് ഓഫീസര്‍മാരുള്‍പ്പെടെ 148 പേരാണ് വ്യോമസേനയില്‍നിന്ന് റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്നത്.

രാഗിയുടെ പഠനം തിരുവനന്തപുരത്തെ പാങ്ങോടുള്ള ആര്‍മി പബ്ലിക് സ്‌കൂളിലായിരുന്നു അഞ്ച്, ആറ് ക്ലാസുകളിലെ പഠനം. അതിനുമുമ്പും ശേഷവും മിലിട്ടറി നഴ്‌സിങ് സര്‍വീസില്‍ ഉദ്യോഗസ്ഥയായിരുന്ന അമ്മയുടെ ജോലിയെത്തുടര്‍ന്ന് വടക്കേന്ത്യയിലെ വിവിധ നഗരങ്ങളിലായിരുന്നു പഠനം. ചെറുപ്പംമുതലേ സൈന്യത്തോട് താത്പര്യം പ്രകടിപ്പിച്ചിരുന്ന രാഗിക്ക് പൈലറ്റാവുകയായിരുന്നു ഏറ്റവും വലിയ ലക്ഷ്യം. അമ്മ ലെഫ് കേണല്‍ വിജയകുമാരിയുടെ പിന്തുണയും ചേര്‍ന്നതോടെ, താന്‍ വ്യോമസേനയില്‍ എത്തിച്ചേര്‍ന്നെന്ന് രാഗി പറയുന്നു. കരസേനയില്‍ ക്യാപ്റ്റനാണ് രാഗിയുടെ മൂത്ത സഹോദരി രശ്മി.

2016 ഡിസംബറിലാണ് തെലങ്കാനയിലെ ദിണ്ടിഗല്‍ വ്യോമസേനാ അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കി രാഗി സേനയില്‍ ചേര്‍ന്നത്. ബംഗാളിലെ ഡാര്‍ജിലിങ് ജില്ലയിലുള്ള ബാഗ്‌ഡോറയിലാണ് രാഗിയുടെ നിയമനം.

വ്യോമസേമ റികപ്പബ്ലിക് ദിന പരേഡില്‍ ചെറുയുദ്ധവിമാനങ്ങള്‍, റഡാര്‍, ആകാശ് മിസൈല്‍, സുഖോയ്-30 യുദ്ധവിമാനം എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്. വ്യോമാഭ്യാസത്തില്‍ തദ്ദേശീയമായി വികസിപ്പിച്ച ജൈവ ഇന്ധനം കലര്‍ത്തിയ ഇന്ധനം ഉപയോഗിച്ച് പറക്കുന്ന വിമാനത്തിന്റെ പ്രകടനവും അരങ്ങേറും.

Exit mobile version