കടുവയുടെ ആക്രമണം, ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം

പത്തനംതിട്ട : പത്തനംതിട്ടയിൽ കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം. പെരിയാർ ടെെഗർ റിസർവിലെ വാച്ചറായ അനിൽ കുമാർ ആണ് മരിച്ചത്.

32 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെയോടെയാണ് അനിലിന്റെ മൃതദേഹം പൊന്നമ്പലമേട് വനത്തിൽ നിന്നും കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ പമ്പയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതാണ് അനിൽകുമാർ.

മൂന്ന് ദിവസം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് പൊന്നമ്പലമേട് പാതയിൽ ഒന്നാം പോയിന്റിന് സമീപത്ത് നിന്നും കടുവ ഭക്ഷിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ആദിവാസി വിഭാഗത്തിൽപ്പെട്ട അനിൽകുമാർ വനവിഭവങ്ങൾ ശേഖരിക്കാനാണ് ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് പോയതെന്നാണ് വിവരം.

Exit mobile version