ചരിത്രമുഹൂര്‍ത്തം! രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ആദ്യമായി പ്രവേശിച്ച് കേരളാ ടീം; അഭിമാന നേട്ടത്തിന് അഭിനന്ദനം ചൊരിഞ്ഞ് മുഖ്യമന്ത്രിയും കായികമന്ത്രിയും

ഇരുവരും ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ആദ്യമായി ഫൈനലില്‍ പ്രവേശിച്ച കേരളാ ടീമിന് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി ഇപി ജയരാജനും. ഇരുവരും ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

‘രഞ്ജിട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ആദ്യമായി കടന്ന കേരള ടീമിന് അഭിനന്ദനങ്ങള്‍’ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചു.

‘കളിയിലെ താരം ബേസില്‍ തമ്പിയെയും നായകന്‍ സച്ചിന്‍ ബേബിയെയും പരിശീലകന്‍ ഡേവ് വാട്ട്‌മോറിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. ഒപ്പം മുഴുവന്‍ ടീമംഗങ്ങള്‍ക്കും കോച്ചിങ്ങ് സ്റ്റാഫിനും കെ.സി.എയ്ക്കും അഭിനന്ദനം എന്ന് ഇപി ജയരാജന്‍ കുറിച്ചു’.

ഇപി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ആദ്യമായി രഞ്ജിട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലില്‍ കടന്ന കേരളാ ടീമിന് അഭിനന്ദനങ്ങള്‍. കരുത്തരായ ഗുജറാത്തിനെ 113 റണ്‍സിനു കീഴടക്കിയാണ് ഈ ചരിത്രനേട്ടം. വയനാട് കൃഷ്ണഗിരിയില്‍ നടന്ന മത്സരത്തിന്റെ മൂന്നാംദിനം തന്നെ കേരളം ജയം സ്വന്തമാക്കി. ചരിത്രപ്പിറവിയിലേക്കു വേണ്ടിയിരുന്ന പത്തുവിക്കറ്റുകള്‍ വ്യാഴാഴ്ച ഉച്ചയ്ക്കു തന്നെ കേരളം വീഴ്ത്തി.

കളിയിലെ താരം ബേസില്‍ തമ്പിയെയും നായകന്‍ സച്ചിന്‍ ബേബിയെയും പരിശീലകന്‍ ഡേവ് വാട്ട്മോറിനെയും പ്രത്യേകം അഭിനന്ദിക്കുന്നു. ഒപ്പം മുഴുവന്‍ ടീമംഗങ്ങള്‍ക്കും കോച്ചിങ്ങ് സ്റ്റാഫിനും കെസിഎയ്ക്കും അഭിനന്ദനം.

കേരള ക്രിക്കറ്റിന്റെ നീണ്ട ചരിത്രത്തിനിടയിലെ ഏറ്റവും വലിയ നേട്ടമാണിത്. 1880 ല്‍ തലശ്ശേരിയിലെ ടൗണ്‍ ക്രിക്കറ്റ് ക്ലബിലൂടെ കളിച്ചു തുടങ്ങിയ കേരള ക്രിക്കറ്റിന് എന്നും ഓര്‍ത്തുവെക്കാനുള്ള വിജയം. അടുത്ത കാലത്ത് കേരള ക്രിക്കറ്റ് കാഴ്ചവച്ച പുരോഗതി അഭിനന്ദനീയമാണ്. കഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ കടന്ന ടീം മികവ് തെളിയിച്ചിരുന്നു. മികച്ച ഒരു കൂട്ടം താരങ്ങളുടെ കൂട്ടായ്മയുടെ വിജയമാണിത്.

രഞ്ജിയിലെ മികച്ച ബൗളിങ്ങ്നിര കേരളത്തിന്റെ പ്രകടനത്തില്‍ നിര്‍ണായകമായി. ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും മികവു കാട്ടാനായതും തുണച്ചു.കീരീടം നേടാന്‍ പ്രാപ്തിയുള്ള ടീമാണെന്ന് കേരളം തെളിയിച്ചു കഴിഞ്ഞു. സെമിയിലും ഫൈനലിലും മികവു കാട്ടി കിരീടമെന്ന സ്വപ്ന നേട്ടത്തിലെത്താന്‍ നമ്മുടെ ടീമിന് കഴിയട്ടെ എന്നാശംസിക്കുന്നു’.

Exit mobile version