അധിക ഡ്യൂട്ടി ഒഴിഞ്ഞ നേരമില്ല, ഒഴിവുകള്‍ അടിയന്തിരമായി നികത്തണം; ലോക്കോ പൈലറ്റുമാര്‍ നിരാഹാര സമരത്തില്‍

ഒഴിവുകള്‍ നികത്താന്‍ വിജ്ഞാപനമിറങ്ങി വര്‍ഷങ്ങളായിട്ടും നിയമന നടപടികള്‍ എങ്ങുമെത്തിയിട്ടില്ലെന്നാണ് ഇവരുടെ പരാതി

പാലക്കാട്: നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് റെയില്‍വെ ഡിവിഷനുകീഴിലുള്ള ലോക്കോ പൈലറ്റുമാര്‍ നിരാഹാര സമരത്തില്‍. പാലക്കാട് ഡിവിഷണല്‍ ഓഫീസിന് മുന്നിലാണ് നിരാഹാര സമരം.

പാലക്കാട് റെയില്‍വേ ഡിവിഷന് കീഴില്‍ ഡ്യൂട്ടിക്കായി വേണ്ടത് 616 ലോക്കോ പൈലറ്റുമാരെയാണ്. എന്നാല്‍ നിലവില്‍ സര്‍വ്വീസിലുളളത് 566 പേരാണ്. അതു കൊണ്ടുതന്നെ ജോലിയെടക്കുന്നവര്‍ക്ക് അധിക ഡ്യൂട്ടി ഒഴിഞ്ഞ നേരമില്ലെന്നാണിവര്‍ പറയുന്നത്. ഒഴിവുകള്‍ നികത്താന്‍ വിജ്ഞാപനമിറങ്ങി വര്‍ഷങ്ങളായിട്ടും നിയമന നടപടികള്‍ എങ്ങുമെത്തിയിട്ടില്ലെന്നാണ് ഇവരുടെ പരാതി. നിലവില്‍ ജോലിയെടുക്കുന്നവര്‍ക്ക് ആവശ്യത്തിന് വിശ്രമമോ അവധിയോ ഇല്ലാത്ത സാഹചര്യമാണുള്ളത്. വിശ്രമമില്ലാതെ തുടര്‍ച്ചയായി ട്രെയിന്‍ ഓടിക്കുന്നത്, ഗതാഗതത്തെ അപകടകരമായ രീതിയില്‍ ബാധിക്കുമെന്നാണിവര്‍ പറയുന്നത്.

അതേ സമയം ജീവനക്കാരുടെ സ്ഥലംമാറ്റം, ചികിത്സ, അവധി എന്നിവയില്‍ പോലും അധികൃതര്‍ നിഷേധാത്മക സമീപനമാണ് പുലര്‍ത്തുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. നിലവില്‍ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിക്കാത്ത രീതിയിലാണ് സമരം. എന്നാല്‍ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുമെന്നാണ് ലോക്കോ പൈലറ്റുമാര്‍ പറയുന്നത്.

Exit mobile version