പാകിസ്താന് വേണ്ടി ചാരവൃത്തി, നിർണായക വിവരങ്ങൾ ചോർത്തി നൽകി; ഡിആർഡിഒ ഗസ്റ്റ് ഹൗസ് മാനേജർ അറസ്റ്റിൽ

ജയ്പൂര്‍: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) ജീവനക്കാരനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് സംഭവം.

ചന്ദന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചിലെ ഡി ആര്‍ ഡി ഒ ഗസ്റ്റ് ഹൗസ് മാനേജരായിരുന്ന മഹേന്ദ്ര പ്രസാദ് (32) ആണ് അറസ്റ്റിലായത്. പൊലീസ് സിഐഡി (സുരക്ഷ) ഇന്റലിജന്‍സ് ആണ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ പാക് ഇന്റലിജന്‍സ് ഏജന്റുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇന്ത്യയുടെ പ്രതിരോധ മേഖലയെ കുറിച്ച് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നുമാണ് കണ്ടെത്തല്‍.

ഉത്തരാഖണ്ഡിലെ അല്‍മോറയിലെ പാല്യുണ്‍ സ്വദേശിയാണ് മഹേന്ദ്ര പ്രസാദ്. ഇയാള്‍ സോഷ്യല്‍ മീഡിയ വഴി പാക് ഇന്റലിജന്‍സ് ഏജന്‍സിയുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. മിസൈല്‍, ആയുധ പരീക്ഷണങ്ങള്‍ക്കായി ചന്ദന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ച് സന്ദര്‍ശിക്കുന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മഹേന്ദ്ര പ്രസാദ് കൈമാറിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

Exit mobile version