കളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് കൊച്ചുമകന്‍ പോയി… പിന്നീട് ഇന്ന് വരെ വന്നില്ല; 13 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ അവസാനിപ്പിച്ച് മുത്തച്ഛന്‍ യാത്രയായി

ആലപ്പുഴ: 13 വര്‍ഷം മുമ്പ് കാണാതായ കൊച്ചുമകനെ ഒരിക്കല്‍ കൂടി കാണണമെന്ന് ആഗ്രഹിച്ച മുത്തച്ഛന് ഇനി ഇല്ല.. രാഹുലിനെ കാത്തിരുന്ന ആ കണ്ണുകള്‍ എന്നേക്കുമായി അടഞ്ഞു. വാര്‍ധക്യ അസുഖങ്ങള്‍ കാരണം ഇന്നലെ പുലര്‍ച്ചെയാണു ശിവരാമപ്പണിക്കര്‍ മരിച്ചത്. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.

2005 മേയ് 18നായിരുന്നു സംസ്ഥാനമാകെ വാര്‍ത്തയായ വിവാദ രാഹുല്‍ തിരോധാനം. ആശ്രമം വാര്‍ഡിലെ രാഹുല്‍ നിവാസ് വീടിനടുത്തുള്ള മൈതാനത്തെ ക്രിക്കറ്റ് കളിക്കിടയിലാണ് 7 വയസ്സുകാരന്‍ രാഹുല്‍ ദുരൂഹമായി കാണാതായത്. തുടര്‍ന്ന് പോലീസ് മുതല്‍ സിബിഐ വരെ അന്വേഷണം നടത്തിയിട്ടും ഫലം കണ്ടില്ല. സിബിഐയുടെ കൊച്ചി, തിരുവനന്തപുരം, ചെന്നൈ സംഘങ്ങള്‍ മാറിമാറി അന്വേഷിച്ചു.

രാഹുലിന്റെ പിതാവ് രാജു വിദേശത്താണ് അതിനാല്‍ മകന്‍ രാഹുലിനായുള്ള അന്വേഷണവും ഭാര്യ മിനിയുടെ സംരക്ഷണവും ശിവരാമപ്പണിക്കരുടെയും ഭാര്യ സുശീലാദേവിയുടെയും ചുമതലയായിരുന്നു. ശാസ്ത്രീയ അന്വേഷണങ്ങള്‍ക്കും ഫലമില്ലാതായതോടെ 2013-ല്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സിബിഐ തീരുമാനിച്ചു.

എന്നാല്‍ മുത്തച്ഛന്‍ അങ്ങനെ വെറുതെ വിടാന്‍ ഉദ്ദേശമില്ലായിരുന്നു. സിബിഐ നടപടി ചോദ്യം ചെയ്ത് ശിവരാമപ്പണിക്കര്‍ വീണ്ടും കോടതിയെ സമീപിച്ചു. സംശയമുള്ളവരെ ശരിയായി ചോദ്യം ചെയ്തില്ലെന്ന പണിക്കരുടെ വാദത്തില്‍ കഴമ്പുണ്ടെന്നു കണ്ട് അന്വേഷണം തുടരാന്‍ കോടതി നിര്‍ദേശിച്ചു. അന്വേഷണം അവസാനിപ്പിക്കുകയാണെന്നു 2015ല്‍ കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ പണിക്കര്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ടു. ഇനി ഒന്നും ചെയ്യാനില്ലെന്ന സിബിഐയുടെ വാദം കോടതി അംഗീകരിച്ചു.

വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും തന്റെ കൊച്ചുമകന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ പണിക്കര്‍ക്കും കുടുംബത്തിനും ഉണ്ടായിരുന്നു. അതിനിടെയായിരുന്നു പണിക്കരുടെ വിയോഗം. അദ്ദേഹത്തിന്റെ സംസ്‌കാരം കൊറ്റംകുളങ്ങര കോവിലകത്തെ കുടുംബ വീട്ടില്‍ നടത്തി.

Exit mobile version