ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സിനെ കുറിച്ച് മിണ്ടാതെ എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ച് മോഡി

കൊല്ലം; ശബരിമല വിഷയത്തില്‍ എല്‍ഡിഎഫിന്റെത് ഏറ്റവും പാപകരമായ നിലപാടായി ചരിത്രം രേഖപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കോണ്‍ഗ്രസിന് ഈ വിഷയത്തില്‍ നിലപാടില്ലെന്നും മോഡി കുറ്റപ്പെടുത്തി. കൊല്ലം പീരങ്കിമൈതാനത്തെ എന്‍ഡിഎ മഹാസമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു മോഡിയുടെ വിമര്‍ശനം.

ഇന്ന് രാജ്യം ചര്‍ച്ച ചെയ്യുന്നത് ശബരിമലയെക്കുറിച്ചാണ്. കേരളത്തിന്റെ ആദ്ധ്യാത്മികതയുടെയും ചരിത്രത്തിന്റെയും അടയാളമാണ് ശബരിമല. അവിടത്തെ യുവതീപ്രവേശനവിഷയത്തില്‍ എല്‍ഡിഎഫ് എടുത്തത് ഏറ്റവും പാപകരമായ നിലപാടായി ചരിത്രം രേഖപ്പെടുത്തും. ഇന്ത്യയുടെ സംസ്‌കാരത്തെയും ആദ്ധ്യാത്മികതയെയും ബഹുമാനിക്കുന്നവരല്ല എല്‍ഡിഎഫുകാര്‍. അവര്‍ പക്ഷേ, ശബരിമല വിഷയത്തില്‍ ഇത്ര മോശം നിലപാടെടുക്കുമെന്ന് കരുതിയിരുന്നില്ലെന്നും മോഡി പറഞ്ഞു.

കോണ്‍ഗ്രസിനാകട്ടെ ഈ വിഷയത്തില്‍ ഇതുവരെ ഒരു നിലപാടില്ല. പാര്‍ലമെന്റില്‍ ഒരു നിലപാടെടുക്കുന്ന കോണ്‍ഗ്രസ് കേരളത്തിലെ പത്തനംതിട്ടയില്‍ മറ്റൊരു നിലപാടാണ് എടുക്കുന്നതെന്നും മോഡി കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെത് ഇരട്ടത്താപ്പാണെന്നും മോഡി പറഞ്ഞു.

ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട് വളരെ കൃത്യമാണ്. അത് കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പമാണ്. ശബരിമലയില്‍ ഭക്തരുടെ ഒപ്പം നിന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. അത് സൗകര്യത്തിനനുസരിച്ച് മാറുന്നതല്ല, ഉറച്ചതാണ്. ചരിത്രത്തിലിടം പിടിക്കാന്‍ പോകുന്ന സമരമാണ് ശബരിമലയിലേതെന്നും മോഡി പറഞ്ഞു.

അതേസമയം വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന കാര്യത്തില്‍ ഒന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല. പാര്‍ലമെന്റില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ഒന്നും പറഞ്ഞില്ല. അധ്യക്ഷപ്രസംഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ള ശബരിമല വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുഭാവപൂര്‍ണ്ണമായ നിലപാട് മോഡി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു.

Exit mobile version