ഭര്‍തൃവീട്ടുകാരുടെ മര്‍ദനം; കനകദുര്‍ഗ്ഗയെ കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കനകദുര്‍ഗ്ഗ മര്‍ദിച്ചെന്നാരോപിച്ച് കനകദുര്‍ഗയുടെ ഭര്‍ത്താവിന്റെ അമ്മയും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ആശുപത്രിക്ക് മുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

കോഴിക്കോട്: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനം നടത്തി ശേഷം തിരികെ വീട്ടിലെത്തിയ കനകദുര്‍ഗ്ഗയ്ക്ക് ഭര്‍തൃവീട്ടുകാരുടെ മര്‍ദനമേറ്റു. തലയ്ക്ക് പരുക്കേറ്റ കനകദുര്‍ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതേസമയം, കനകദുര്‍ഗ്ഗ മര്‍ദിച്ചെന്നാരോപിച്ച് കനകദുര്‍ഗയുടെ ഭര്‍ത്താവിന്റെ അമ്മയും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ആശുപത്രിക്ക് മുന്നില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയും സുഹൃത്ത് ബിന്ദുവും ഈ മാസം രണ്ടാം തീയതിയാണ് ശബരിമലയിലെത്തി ദര്‍ശനം നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രഹസ്യ കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്നു ഇരുവരും. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കനകദുര്‍ഗ്ഗ അങ്ങാടിപ്പുറത്തുള്ള വീട്ടിലെത്തിയത്. പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു. വീടിനുള്ളിലേക്ക് കയറിയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ സുമതി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കനകദുര്‍ഗ്ഗയുടെ പരാതി.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കനകദുര്‍ഗ്ഗയെ ന്യൂറോ സര്‍ജന്‍ ഇല്ലാത്തതിനാലാണ് വിദഗ്ധ പരിശോധനക്കായി കോഴിക്കോട്ടേക്ക് മാറ്റിയത്. മഞ്ചേരിയില്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരെത്തി കനകദുര്‍ഗ്ഗയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ഇനി വീട്ടില്‍ കയറ്റില്ലെന്നും സഹോദരന്‍ പറഞ്ഞു. പോലീസ് ഇരുകൂട്ടരുടേയും മൊഴി രേഖപ്പെടുത്തി.

Exit mobile version