വിവാഹം കഴിഞ്ഞ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ചു; മാട്രിമോണി ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം

എറണാകുളം: വിവാഹം കഴിഞ്ഞ പെണ്‍കുട്ടികളുടെ വിലാസം നല്‍കി കബളിപ്പിച്ച വിവാഹ ബ്യൂറോ 14,000/ രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവ്. എറണാകുളം, ചേരാനല്ലൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്.

മകന് വധുവിനെ കണ്ടെത്താനാണ് മലപ്പുറം തിരൂരില്‍ പ്രവര്‍ത്തിക്കുന്ന ‘ലക്ഷ്മി മാട്രിമോണി’ എന്ന സ്ഥാപനത്തെ പരാതിക്കാരന്‍ സമീപിച്ചത്. 2000 രൂപ ഫീസായി നല്‍കിയ പരാതിക്കാരന് 8 പെണ്‍കുട്ടികളുടെ വിശദാംശങ്ങളാണ് എതിര്‍കക്ഷി നല്‍കിയത്. അതില്‍ 7 പെണ്‍കുട്ടികളും നേരത്തെ വിവാഹിതരായിരുന്നു.

ശേഷിച്ച ഒരു പെണ്‍കുട്ടിയുടെ പൂര്‍ണമായ വിവരം എതിര്‍കക്ഷി നല്‍കിയില്ല. പരാതിക്കാരന്‍ പല പ്രാവശ്യം എതിര്‍കക്ഷിയെ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും വിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായില്ല.

വിവാഹ ബ്യൂറോ പരാതിക്കാരില്‍ നിന്ന് ഫീസായി വാങ്ങിയ 2000 രൂപ, 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതി ചെലവ് സഹിതം 45 ദിവസത്തിനകം എതിര്‍കക്ഷി പരാതിക്കാരനെ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു.

Exit mobile version