വയനാട്: കേരളത്തെ നടുക്കിയ ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ ലിസ്റ്റ് അംഗീകരിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യാണ് തിരിച്ചറിയാത്ത 32 പേരുടെ ലിസ്റ്റ് അംഗീകരിച്ചത്.
സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളരിമല വില്ലേജ് ഓഫീസർ, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവർ ചേർന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്.
ഇതുവരെ 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതിൽ ആദ്യ ദിവസം തിരിച്ചറിഞ്ഞ ബന്ധുക്കൾക്ക് വിട്ടുകൊടുത്ത 19 മൃതദേഹങ്ങളും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ കഴിയാത്ത 3 മൃതദേഹ ഭാഗങ്ങളും ഒഴികെ ബാക്കി 432 മൃതദേഹ ഭാഗങ്ങളിൽ നിന്നും ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു.
ആദ്യ ഘട്ടത്തിൽ കണ്ണൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ ഡിഎൻഎ സാമ്പിളുകളുടെ പരിശോധനയിൽ 223 മൃതദേഹ ഭാഗങ്ങൾ തിരിച്ചറിഞ്ഞു. ഇതിലൂടെ 77 പേരെയാണ് തിരിച്ചറിയാൻ കഴിഞ്ഞത്.
അതേസമയം, ഈ ലാബിൽ തിരിച്ചറിയാൻ കഴിയാതിരുന്ന 209 മൃതദേഹ ഭാഗങ്ങൾ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയിലേക്കു പരിശോധനക്കയച്ചു.
ഇവിടെ വച്ച് നടത്തിയ പരിശോധനയിൽ ദുരന്തത്തിൽ കാണാതായ 22 പേരെ കൂടി തിരിച്ചറിഞ്ഞു. 99 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. ദുരന്തത്തിൽ മരണപ്പെട്ട 167 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെ തിരിച്ചറിഞ്ഞു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉൾപ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഡിഡിഎംഎ ഇപ്പോൾ അംഗീകരിച്ചത്. ദുരന്തത്തിൽ 298 പേർ മരിച്ചതായാണ് കണക്കാക്കുന്നത്.