കണ്ണൂര്‍ വിമാനത്തിന് നികുതി ഇളവ് നല്‍കിയെന്ന് ആരോപണം; നിഷേധിച്ച് ഇപി ജയരാജന്‍

സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ ഇന്ധന നികുതി 28 ശതമാനമാണ്

കണ്ണൂര്‍ വിമാനത്താവളത്തിന് ഇന്ധന ഇനത്തില്‍ വന്‍ നികുതി ഇളവ് നല്‍കിയ നടപടി വിവാദത്തില്‍. കരിപ്പൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളെ തകര്‍ക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് ആരോപണം. കണ്ണൂരില്‍ നികുതി ഇളവ് ലഭിക്കുന്നതിനാല്‍ ആഭ്യന്തര സര്‍വീസുകള്‍ കരിപ്പൂരിനെ കൈയൊഴിയുമെന്നാണ് ആശങ്ക. അതിനിടെ ആരോപണങ്ങളെ തള്ളി മന്ത്രി ഇ.പി ജയരാജനും രംഗത്ത് എത്തി.

സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ ഇന്ധന നികുതി 28 ശതമാനമാണ്. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ കണ്ണൂരിന് മാത്രമായി വെട്ടികുറച്ചത്. അടുത്ത പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനം മാത്രം ഇന്ധന നികുതി കണ്ണൂരില്‍ ഈടാക്കിയാല്‍ മതിയെന്നാണ് മന്ത്രിസഭാ തീരുമാനം. ഇതിലൂടെ കോടികളുടെ വരുമാന നഷ്ടം സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകും.

ഒപ്പം പൊതു മേഖലയിലുള്ള കരിപ്പൂരില്‍ നിന്നും ആഭ്യന്തര സര്‍വീസുകള്‍ കുറയുന്നതിനും ഇടയാക്കും. ഇത്രയും വലിയ വിവേചനമുണ്ടായിട്ടും മലപ്പുറത്തെ ജനപ്രതിനിധികള്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന കുറ്റപ്പെടുത്തലുമായി വിവിധ സംഘടനകളും രംഗത്ത് എത്തി.

കണ്ണൂരിനെ ശക്തിപ്പെടുത്താനാണ് നടപടിയെന്നാണ് ഇതിനെല്ലാമുള്ള സര്‍ക്കാരിന്റെ വിശദീകരണം. കണ്ണൂരിന് നല്‍കിയത് പോലെയുള്ള ഇളവ് കരിപ്പൂരിനും നല്‍കണമെന്ന ആവശ്യവും ഇതോടെ ശക്തമായി.

Exit mobile version