‘ക്ഷേത്രങ്ങളിലെ വസ്ത്രധാരണത്തില്‍ മാറ്റം വേണം’, ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലദേശങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌കരിക്കപ്പെടണമെന്ന് പിഎസ് പ്രശാന്ത്

ps prasanth|bignewslive

തിരുവനന്തപുരം: ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലദേശങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌കരിക്കപ്പെടണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ക്ഷേത്രങ്ങളിലെ വസ്ത്രധാരണത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ ആചാരങ്ങളില്‍ വേണമെന്നും ഇക്കാര്യത്തില്‍ എല്ലാവരുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്നും ചാടിക്കയറി തീരുമാനം പറയാന്‍ പറ്റില്ലെന്നും പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘കാലദേശങ്ങള്‍ക്ക് അനുസരിച്ച് ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിഷ്‌കരിക്കപ്പെടണം. അതിന് കൂട്ടായ ചര്‍ച്ചകളും സംവാദങ്ങളും അനിവാര്യമാണ്. കൂട്ടായ ആലോചന വേണം. എല്ലാ മേഖലയിലെ ആളുകളുമായി ആലോചിക്കണം’- അദ്ദേഹം പറഞ്ഞു.

‘തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാത്രമല്ലല്ലോ അതില്‍ ഒരു തീരുമാനം പറയേണ്ടത്. അഞ്ച് ദേവസ്വം ബോര്‍ഡുകളുണ്ട്. എല്ലാവരുംചേര്‍ന്ന് അഭിപ്രായ സമന്വയത്തില്‍ എത്തണം. ഓരോ ക്ഷേത്രത്തിനും ഓരോ തന്ത്രിമാരുണ്ട്. തന്ത്രി സമൂഹവുമായി ആലോചിക്കണം. സര്‍ക്കാരുമായി ആലോചിക്കണം’- പ്രശാന്ത് പറഞ്ഞു.

Exit mobile version