മുനമ്പം ഭൂമി പ്രശ്നം; വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്റ്റേ ഉത്തരവ് ഇറക്കാമെന്ന് ഹൈക്കോടതി

high court|bignewslive

കൊച്ചി: വിവാദ മുനമ്പം ഭൂമി പ്രശ്നത്തില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസിന് താല്‍ക്കാലിക സ്റ്റേ ഉത്തരവ് ഇറക്കാമെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. ഫാറൂഖ് കോളജില്‍ നിന്ന് മുനമ്പത്തെ തര്‍ക്കഭൂമി തങ്ങളുടെ മുന്‍ഗാമികള്‍ വാങ്ങിയെന്ന് അവകാശപ്പെട്ട് താമസക്കാര്‍ ഹര്‍ജി നല്‍കിയിരുന്നു.

ഈ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. ഹര്‍ജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാം. അതുവരെയുള്ള സംരക്ഷണത്തിന്റെ ഭാഗമായി സ്റ്റേ നല്‍കാമെന്നാണ് ഹൈക്കോടതി അറിയിച്ചത്.

എന്നാല്‍ കോടതി ഉത്തരവുകളൊന്നും പുറപ്പെടുവിച്ചില്ല. ‘അടിസ്ഥാനപരമായി ഒരു സ്വത്ത് തര്‍ക്കം’ ആണ് മുനമ്പവുമായി ബന്ധപ്പെട്ടുള്ളതെന്ന് ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് അമിത് റാവലും ജസ്റ്റിസ് കെ വി ജയകുമാറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

ഹര്‍ജിക്കാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്യുന്നതുവരെയോ സിവില്‍ കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ നേടുന്നത് വരെയോ സ്റ്റേ അനുവദിക്കാമെന്ന് കോടതി പറഞ്ഞു. കേസ് ഈ മാസം 17 ന് വീണ്ടും പരിഗണിക്കാനായി മാറ്റി.

1950ല്‍ കോളജിന് വഖഫ് എന്ന പേരില്‍ സ്വത്ത് നല്‍കിയെന്ന് പറഞ്ഞ്, 2019ല്‍ വഖഫ് രജിസ്ട്രിയില്‍ വസ്തു രേഖപ്പെടുത്തിയെന്നും ഈ പ്രദേശത്തെ താമസക്കാര്‍ക്ക് 2020 മുതല്‍, വില്ലേജ് ഓഫീസില്‍ നിന്ന് ഭൂമിയുടെയോ വസ്തുവകകളുടെയോ രേഖകള്‍ ലഭിക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

വഖഫ് സ്വത്തിന് പ്രത്യേക പദവി നല്‍കാനാവില്ലെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. വഖഫ് നിയമത്തിലെ 107-ാം വകുപ്പ് പ്രകാരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും വഖഫ് സ്വത്ത് തിരിച്ചുപിടിക്കാമെന്ന് പറയുന്നു. ഇത് വിവേചനപരമാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു.

Exit mobile version