വലവിരിച്ച് മനുഷ്യകടത്ത് മാഫിയ..! കൊച്ചിയില്‍ നിന്ന് കടല്‍കടന്ന് നാല്‍പതോളം പേര്‍ യാത്രയായി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ട് ഐബി

കൊച്ചി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി മനുഷ്യകടത്ത് നടക്കുന്നു. മത്സ്യ ബന്ധന ബോട്ട് വഴിയാണ് നാല്‍പതോളം പേരെ ഓസ്‌ട്രേലിയയിലേക്ക് കടത്തിയതെന്നാണ് സംശയിക്കുന്നത്. മുനമ്പത്ത് നിന്ന് ഇത്തരത്തില്‍ നീക്കം നടന്നതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തെ തുടര്‍ന്ന് ഐ ബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മുനമ്പം ഹാര്‍ബറിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ബാഗുകള്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇവര്‍ പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബാഗുകളില്‍ നിന്ന് വസ്ത്രങ്ങളും ഉണക്കിയ പഴങ്ങളും ഫോട്ടോകളും വിമാനടിക്കറ്റുകളും മറ്റും കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യക്കടത്ത് നടന്നതായി സൂചന കിട്ടിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ ബോട്ട് വഴി ഓസ്‌ട്രേലിയക്ക് കടന്നതായാണ് അഭ്യൂഹം.

എന്നാല്‍ കൂടുതല്‍ ഭാരം ഒഴിവാക്കാന്‍ ഇവര്‍ സാധനങ്ങള്‍ ഉപേക്ഷിച്ചതാകം എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ബാഗില്‍ കണ്ട രേഖയില്‍ നിന്ന് പത്ത് പേരടങ്ങുന്ന സംഘമായി പരിസരത്തെ നാലോളം റിസോര്‍ട്ടുകളില്‍ താമസിച്ചതായി പോലീസ് കണ്ടെത്തി. ഇവരില്‍ ചിലര്‍ ഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗം കൊച്ചിയിലെത്തുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഒരു ബോട്ട് കഴിഞ്ഞ ദിവസം കൂടുതല്‍ അളവില്‍ ഇന്ധനം നിറച്ചിരുന്നതിന്റെ രേഖകളും കണ്ടെത്തി.

അതേസമയം ആളുകളുമായി പോയ ബോട്ടു കണ്ടെത്താന്‍ കോസ്റ്റ് ഗാര്‍ഡ് കടലില്‍ തിരച്ചിലാരംഭിച്ചു. ബോട്ട് മാര്‍ഗ്ഗം കടന്നവര്‍ ശ്രീലങ്കയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഉള്ളവരാണെന്നാണ് പ്രാഥമിക നിഗമനം. 27 ദിവസം കൊണ്ട് ബോട്ട് ഓസ്‌ട്രേലിയന്‍ തീരത്ത് എത്തും.

മനുഷ്യക്കടത്തിന് പിന്നില്‍ രാജ്യാന്തരബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ കുടിയേറ്റ അനുകൂലനിയമം ഉള്ളതാണ് മനുഷ്യക്കടത്തിന് ഇവരെ പ്രേരിപ്പിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version