ആചാരം മുടങ്ങാതിരിക്കാന്‍ മഹാപ്രളയത്തില്‍ ജീവന്‍ പണയംവെച്ച് നിറപുത്തരിയുമായി സന്നിധാനത്തെത്തി; ബിനുവിന് വീട് നിര്‍മ്മിച്ചു നല്‍കുന്നു

തിരികെ പുല്ലുമേട്, മുണ്ടക്കയം വഴി നാട്ടിലെത്തിയപ്പോള്‍ ബിനു കണ്ടത് നിലംപൊത്തിക്കിടക്കുന്ന സ്വന്തം വീട്.

എരുമേലി: ശബരിമലയിലെ ആചാരം മുടങ്ങാതിരിക്കാന്‍ പ്രളയത്തിനിടയിലും ജീവന്‍ പണയംവെച്ച് ശബരിമലയിലേക്കു നിറപുത്തരിയുമായി പോയ ബിനുവിനു ജോയ് ആലുക്കാസ് ഗ്രൂപ്പ് വീടു നിര്‍മ്മിച്ചു നല്‍കുന്നു. പമ്പയിലെ പ്രളയജലം നീന്തിക്കടന്ന് ശബരിമലയിലെത്തിയ ബിനുവിന്റെ സാമ്പത്തിക അവസ്ഥ കണ്ടറിഞ്ഞാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് വീടു നല്‍കുന്നത്. ശിലാസ്ഥാപനം മാള്‍ ഓഫ് ജോയി മാനേജര്‍ റോജു മാത്യു നിര്‍വഹിച്ചു.

കേരളത്തെ മുക്കി കളഞ്ഞ കഴിഞ്ഞ ഓഗസ്റ്റിലെ മഹാപ്രളയത്തില്‍ ശബരിമലയിലേക്കുള്ള എല്ലാ വഴികളും അടഞ്ഞതോടെയാണു നിറപുത്തരി ചടങ്ങ് നടക്കില്ലെന്ന് ആശങ്ക ഉയര്‍ന്നത്. എന്നാല്‍, പമ്പയിലെ ട്രാക്ടര്‍ ഡ്രൈവര്‍മാരായ പമ്പാവാലി ആറാട്ടുകയം പാലമൂട്ടില്‍ ബിനുവും തുലാപ്പള്ളി ഇമണ്ണില്‍ ജോബി ജോസും പമ്പയില്‍ നീന്തി നിറപുത്തരി കൈമാറുകയായിരുന്നു.

തിരികെ പുല്ലുമേട്, മുണ്ടക്കയം വഴി നാട്ടിലെത്തിയപ്പോള്‍ ബിനു കണ്ടത് നിലംപൊത്തിക്കിടക്കുന്ന സ്വന്തം വീട്. അയല്‍ക്കാരി അടയ്ക്കനാട്ട് സുബി ജോയ് ആലുക്കാസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഭവന പദ്ധതിയിലെ ആദ്യ വീട് ബിനുവിനു നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

അഞ്ചു ലക്ഷമാണു ചെലവ്. പ്രതിനിധികളായ ദീപു ഏബ്രഹാം, എസ് സതീഷ്, കണമല സെന്റ് തോമസ് പള്ളി വികാരി ഫാ. മാത്യു നിരപ്പേല്‍, വാര്‍ഡ് അംഗങ്ങളായ സൂസമ്മ രാജു, അനീഷ് വാഴയില്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version