ലോകത്തെ സ്വാധീനിച്ച 50 വനിതാ എഞ്ചിനീയര്‍മാരില്‍ ഒരാളായി മലയാളികളുടെ അഭിമാനം നികിത ഹരി; കേംബ്രിഡ്ജ് സര്‍വകലാശാലയുടെ അരക്കോടിയുടെ സ്‌കോളര്‍ഷിപ്പിലെ ഗവേഷണവും വിജയം; വീണ്ടും ലോകത്തിന്റെ നെറുകയില്‍

മലയാളികളുടെ അഭിമാനം നികിത ഹരിയെത്തേടി വീണ്ടും മികവിന്റെ പൊന്‍തൂവല്‍.

ലണ്ടന്‍: ടെലഗ്രാഫ് ലോകത്തെ ഏറ്റവും സ്വാധീനിച്ച 50 വനിതാ എഞ്ചിനീയര്‍മാരില്‍ ഒരാളായി തെരഞ്ഞെടുത്ത മലയാളികളുടെ അഭിമാനം നികിത ഹരിയെത്തേടി വീണ്ടും മികവിന്റെ പൊന്‍തൂവല്‍. അമ്പത് ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നേടി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ എത്തിയ നികിത വ്യത്യസ്തമായ മേഖലയില്‍ ഡോക്ടറേറ്റ് സ്വന്തമാക്കി വീണ്ടും ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

കോഴിക്കോട് വടകര സ്വദേശിനിയാണ് നികിത. വടകര ഇന്റക് ഇന്‍ഡസ്ട്രീസ് ഉടമ ഹരിദാസിന്റെയും ഗീതയുടെയും മൂത്തമകളാണ് നികിത. 2013-ലാണ് കേംബ്രിജില്‍ ഗവേഷണം ആരംഭിച്ചത്. അധികമാരും കൈവെച്ചിട്ടില്ലാത്ത മേഖലയിലാണ് നികിതയുടെ ഗവേഷണം പൂര്‍ത്തിയാക്കിയത്.

പാരമ്പര്യ ഊര്‍ജസ്രോതസ്സുകളെ വൈദ്യുത ഗ്രിഡുമായി ബന്ധിപ്പിക്കുമ്പോളുണ്ടാകുന്ന പ്രസരണനഷ്ടം കുറയ്ക്കാന്‍ പോന്ന ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു നികിതയുടെ ഗവേഷണം. ഗവേഷണത്തിനൊടുവില്‍ ഇലക്ട്രോണിക് ഉപകരണങ്ങളില്‍ സിലിക്കോണിനു പകരം ഗാലിയം ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് നികിത.

ഭാവിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളെ കൂടുതല്‍ ചെറുതാക്കാനും താപവികിരണം കൂടുതല്‍ പുറത്തേക്ക് വിടാനും സഹായിക്കുന്ന തരത്തില്‍ നിര്‍മിക്കാനുതകുന്നതാണ് നികിതയുടെ കണ്ടെത്തല്‍. നേട്ടത്തിന് പിന്നാലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ശാസ്ത്രപഠനത്തിനായി ചേരുകയാണ് അടുത്ത ലക്ഷ്യമെന്ന് നികിത ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തെ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രത്യേക ക്ഷണിതാവായും ഫോബ്സ് മാഗസിന്‍ തയ്യാറാക്കിയ യൂറോപ്പിലെ ശാസ്ത്രവിഭാഗത്തിലെ നേട്ടം കൊയ്തവരുടെ 30 അംഗ പട്ടികയില്‍ ഇടംപിടിച്ചും നികിത അഭിമാനനേട്ടം സ്വന്തമാക്കിയിരുന്നു.

Exit mobile version