പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരുടെ മക്കള്‍ മുങ്ങി മരിച്ചു, ഒരാളുടെ വിയോഗം ജന്മദിന പിറ്റേന്ന്

death|bignewslive

തൃശൂര്‍ : പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാരുടെ മക്കള്‍ മുങ്ങി മരിച്ചു. തൃശ്ശൂരിലാണ് സംഭവം. ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ 23കാരിയും 13കാരിയുമാണ് മരിച്ചത്.

പുത്തന്‍വേലിക്കര കുറ്റിക്കാട്ടുപറമ്പില്‍ രാഹുലിന്റേയും ഇളന്തിക്കര ഹൈസ്‌കൂളിലെ അധ്യാപിക റീജയുടെയും മകള്‍ മേഘ (23), റീജയുടെ സഹോദരി ബിഞ്ജയുടെയും കൊടകര വെണ്‍മനാട്ട് വിനോദിന്റേയും മകള്‍ ജ്വാലാലക്ഷ്മി (13)യുമാണ് മരിച്ചത്.

വടക്കന്‍ പറവൂര്‍ കോഴിത്തുരുത്ത് മണല്‍ബണ്ടിനു സമീപം ഞായറാഴ്ച്ച കാലത്തായിരുന്നു അപകടം. പുഴയില്‍ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ മൂന്നു പേര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.

മറ്റുള്ളവരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അപകടത്തില്‍പ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന ഇരുവരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

മേഘയുടെ സഹോദരി നേഹയും ഒഴുക്കില്‍പ്പെട്ടെങ്കിലും നാട്ടുകാര്‍ ഓടിയെത്തി രക്ഷപ്പെടുത്തി. അപകടത്തില്‍പ്പെട്ട നേഹ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തില്‍ പെടുന്നതിന്റെ തലേ ദിവസമായിരുന്നു ജ്വാലാലക്ഷ്മിയുടെ പിറന്നാള്‍.

Exit mobile version