വിഷു കൈനീട്ടമായി അടച്ചുറപ്പുള്ള വീട്: ബിരുദ വിദ്യാര്‍ഥിനിയ്ക്ക് കരുതലൊരുക്കി സഹപാഠികളും ജനമൈത്രി പോലീസും

വൈക്കം: വിഷു കൈനീട്ടമായി സഹപാഠിയ്ക്ക് വീട് സമ്മാനിച്ച് സുഹൃത്തുക്കളുടെയും പോലീസുകാരുടെയും കരുതല്‍. ബിരുദ വിദ്യാര്‍ഥിയായ വൈക്കം വാഴമന സ്വദേശിനിയ്ക്കാണ് സുരക്ഷിതമായ വീടൊരുങ്ങിയത്. വൈക്കം ജനമൈത്രി പോലീസും സഹപാഠികളും അധ്യാപകരുമാണ് സ്‌നേഹവീട് സമ്മാനിച്ചത്.

പഠിത്തത്തില്‍ മിടുക്കിയായ വിദ്യാര്‍ത്ഥിനിയുടെ ജീവിതാവസ്ഥ കണ്ടറിഞ്ഞതോടെയാണ് മഹാദേവ കോളജ് എന്‍എസ്എസ് യൂണിറ്റ് ഒരു വര്‍ഷം മുന്‍പ് വീട് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിച്ചത്. പിന്നാലെ കോളജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒന്നിച്ചിറങ്ങി. വൈക്കം നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും നിന്ന് പണം സമാഹരിച്ചു. കോളജിലെ എന്‍എസ്എസ് യൂണിറ്റും ജനമൈത്രി പോലീസും നേതൃത്വം നല്‍കി.

6 ലക്ഷം രൂപയോളം സമാഹരിച്ചാണ് വീട് പണി പൂര്‍ത്തിയാക്കിയത്. 4 സെന്റ് സ്ഥലത്ത് 2 മുറികളും ഒരു ഹാളും അടുക്കളയും ബാത്ത്‌റൂമും അടങ്ങുന്ന 500 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ പാലുകാച്ചല്‍ വിഷു തലേന്ന് നടന്നു. വിഷു ദിനത്തില്‍ വിദ്യാര്‍ഥിനിയും കുടുംബവും പുതിയ വീട്ടില്‍ പുതുജീവിതം തുടങ്ങും. കോളജ് അദ്ധ്യാപകനും എന്‍.എസ്.എസ് മുന്‍ പ്രോഗ്രാം ഓഫിസറുമായ ബിച്ചു എസ് നായര്‍, ജനമൈത്രി സി.ആര്‍.ഒ കെ.വി. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥിനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത വിഷു കൈനീട്ടം സമ്മാനിച്ചത്.

Exit mobile version