‘ഹാഷിം വിളിച്ചപ്പോള്‍ ആദ്യം പോയില്ല, വിളിച്ചിറക്കി അനുജയെ കാറില്‍ കയറ്റുകയായിരുന്നു’; ഞെട്ടിച്ച് സഹപ്രവര്‍ത്തകരുടെ മൊഴി

പത്തനംതിട്ട: അടൂരില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹതയേറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാര്‍ യാത്രികരായ തുമ്പമണ്‍ സ്വദേശിനി അനുജ, ചാരുമൂട് സ്വദേശി ഹാഷിം എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരുന്ന അനുജയെ ട്രാവലര്‍ തടഞ്ഞുനിര്‍ത്തിയാണ് ഹാഷിം കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട അനുജ ആദ്യം ഹാഷിമിന് ഒപ്പം പോകാന്‍ തയ്യാറായിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ പോലീസില്‍ മൊഴി നല്‍കി.

സഹോദരനെന്നാണ് ഹാഷിമിനെ പരിചയപ്പെടുത്തിയതെന്നും വിളിച്ചപ്പോള്‍ ഇറങ്ങി ചെല്ലാതിരുന്നതോടെ ഹാഷിം ആക്രോശിച്ച് വാഹനത്തിലേക്ക് കയറിയെന്നും മൊഴിയില്‍ പറയുന്നു. വിനോദയാത്രയ്ക്ക് പോയ ബസില്‍ നിന്ന് വിളിച്ചിറക്കി അനുജയെ കാറില്‍ കയറ്റിയ ശേഷം ലോറിയില്‍ ഇടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നാണ് നിലവിലെ നിഗമനം.

ബസില്‍ നിന്നിറങ്ങിപ്പോയ അനുജയെ ഇടയ്ക്ക് വിളിച്ചപ്പോള്‍ കരയുകയായിരുന്നുവെന്നും ആത്മഹത്യ ചെയ്‌തേക്കുമെന്ന സൂചന നല്‍കിയിരുന്നുവെന്നും അധ്യാപകര്‍ പറയുന്നു. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയാണ് നൂറനാട് സ്വദേശിയായ അനുജ. ഹാഷിം ചാരുംമൂട് സ്വദേശിയാണ്. സ്‌കൂളിലെ മറ്റ് അധ്യാപകര്‍ക്കൊപ്പമാണ് അനുജ വിനോദയാത്ര പോയത്. മടങ്ങി വരുന്ന വഴി ഹാഷിം കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

സംഭവത്തില്‍ മറ്റ് അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നാണ് കൂടെയുണ്ടായിരുന്ന അധ്യാപകര്‍ പ്രതികരിച്ചത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതാണോയെന്നുള്‍പ്പടെ പരിശോധിക്കുന്നുണ്ട്.

Exit mobile version