ഓംലറ്റിന് ഓര്‍ഡര്‍ ചെയ്തു സഹോദരങ്ങള്‍, താമസമെടുക്കുമെന്ന് കടയുടമ; ഇത് കേട്ടിരുന്ന മദ്യപസംഘം കട അടിച്ചു തകര്‍ത്തു, സംഭവം കൊല്ലത്ത്

ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളും പുലിയൂര്‍വഞ്ചി സൗത്ത് സ്വദേശികളുമായ അരുണ്‍, അജില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കൊല്ലം: കരുനാഗപ്പള്ളിയില്‍ മദ്യപിച്ചെത്തിയ സംഘം ദോശക്കട അടിച്ചു തകര്‍ത്തു. ശേഷം ഭക്ഷണം കഴിക്കാനത്തിയവരെ മാരകമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. മാര്‍ക്കറ്റിന് സമീപമുള്ള കടയില്‍ കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാനെത്തിയ സഹോദരങ്ങളും പുലിയൂര്‍വഞ്ചി സൗത്ത് സ്വദേശികളുമായ അരുണ്‍, അജില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടക്കുളങ്ങര സ്വദേശി ഗോപകുമാറിന്റെ കടയിലായിരുന്നു ആക്രമണം നടന്നത്.

സഹോദരങ്ങള്‍ ഓംലെറ്റ് ഓര്‍ഡര്‍ ചെയ്തു. കിട്ടാന്‍ വൈകുമെന്ന് കടക്കാരന്‍ അറിയിച്ചു. ഇതുകേട്ട് പുറത്തുണ്ടായിരുന്ന അഞ്ചംഗ സംഘം ഒരു പ്രകോപനവുമില്ലാതെ കട തല്ലിത്തകര്‍ക്കുകയും ആക്രമിക്കുകയുമായിരുന്നു. നിരവധി കേസുകളിലെ പ്രതികളാണ് അക്രമികളെന്നാണ് റിപ്പോര്‍ട്ട്.

ALSO READ ബൈക്ക് അപകടത്തിൽ നടി അരുന്ധതി നായർക്ക് ഗുരുതര പരിക്ക്; ചികിത്സാ സഹായം തേടി സുഹൃത്തായ ഗോപിക അനിൽ

ശേഷം ഭക്ഷണം കഴിക്കാന്‍ എത്തിയവരെ കോണ്‍ക്രീറ്റ് കട്ടകള്‍ കൊണ്ടും ഇരുമ്പു വടികൊണ്ടും മര്‍ദ്ദിക്കുകയായിരുന്നു. പരിക്കേറ്റവര്‍ ചികില്‍സയിലാണ്. അടിപിടിക്കിടെ പ്രതികളിലൊരാളായ പ്രസാദിനും പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തിലാണ്. നാലുപേര്‍ ഒളിവിലാണ്. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.

Exit mobile version