നിയമലംഘനത്തിന് സമ്മർദ്ദം; കടമ്പനാട് വില്ലേജ് ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് പരാതി; അന്വേഷണം ആവശ്യപ്പെട്ട് 12 വില്ലേജ് ഓഫീസർമാർ

പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസർ മനോജിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാഹ്യഇടപെടൽ അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ താലൂക്കിലെ വില്ലേജ് ഓഫീസർമാർ. സഹപ്രവർത്തകരായ 12 വില്ലേജ് ഓഫീസർമാരാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.

അനധികൃത മണ്ണെടുപ്പും വയൽനികത്തലും വ്യാപകമായ പ്രദേശമാണ് അടൂർ താലൂക്കിലെ കടമ്പനാട് വില്ലേജ്. ഇവിടെ നിയമലംഘനം നടത്താനായി പ്രാദേശിക രാഷ്ട്രീയകക്ഷികളിൽനിന്ന് വില്ലേജ് ഓഫീസർക്ക് വലിയ സമ്മർദമുണ്ടായിരുന്നു എന്നാണ് ഉയരുന്ന ആരോപണം. ഇത്തരത്തിലുള്ള ബാഹ്യഇടപെടൽ കാരണം ശരിയായി ജോലി ചെയ്യാനാകുന്നില്ലെന്നാണ് മനോജിന്റെ സഹപ്രവർത്തകരുടെ പരാതി.

മനോജിന്റെ മരണത്തിൽ ഇത്തരത്തിലുള്ള ബാഹ്യഇടപെടലുണ്ടായോ എന്നത് അന്വേഷിക്കണമെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അടൂർ താലൂക്കിലെ വില്ലേജ് ഓഫീസർമാർ ആവശ്യപ്പെടുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കടമ്പനാട് വില്ലേജ് ഓഫീസർ മനോജിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മനോജിന്റെ മരണവുമായി ബന്ധപ്പെട്ട് സമാനമായ പരാതിയുമായി സഹോദരനും രംഗത്തെത്തിയിരുന്നു. കുടുംബവും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ALSO READ- ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടമായി; കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ്; പെരുമാറ്റച്ചട്ടം നിലവിൽ വന്നു; പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്നുമാസം മുൻപാണ് മനോജ് സ്ഥലംമാറ്റം കിട്ടി കടമ്പനാട് വില്ലേജ് ഓഫീസിലെത്തിയത്. ഇതിന് മുൻപ് വില്ലേജ് ഓഫീസറായിരുന്ന കുണ്ടറ സ്വദേശി സമ്മർദ്ദം ഭയന്നാണ് ഇവിടെനിന്ന് സ്ഥലംമാറ്റം വാങ്ങിപ്പോയതെന്നും കുടുംബം പറയുന്നുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. toll free helpline number-1056, 04712552056)

Exit mobile version