കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞു: 24 പേര്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയം എംസി റോഡില്‍ കുര്യത്ത് കെഎസ്ആര്‍ടിസി ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബസിലും കാറിലുമുണ്ടായിരുന്ന 24 പേര്‍ക്ക് പരുക്കേറ്റു. എല്ലാവരെയും പ്രദേശത്തുള്ള വിവിധ ആശുപത്രികളിലെത്തിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം നടന്നത്. മൂന്നാറിലേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഡ്രൈവര്‍ക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ അഞ്ചു പേരെ കോട്ടയം മെഡിക്കല്‍ കോളജിലും 19 പേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുപ്പതോളം ആളുകളാണ് ബസില്‍ ഉണ്ടായിരുന്നത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചവരുടെ പരുക്ക് ഗുരുതരമല്ല. നാട്ടുകാരാണ് ബസിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്.

കാറിലുണ്ടായിരുന്ന ആളുടെ പരുക്കാണ് ഗുരുതരമെന്നാണ് അറിയുന്നത്. ബസിലുള്ളവരുടെ പരുക്ക് അത്ര സാരമുള്ളതല്ലെന്നും അറിയുന്നു. ആരുടെയും പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version