ഇഡി വന്നാല്‍ ഗുരുവായൂരപ്പനെക്കൊണ്ട് രക്ഷിക്കാന്‍ കഴിയില്ല, ബിജെപിയില്‍ ചേരുകയേ നിവൃത്തിയുള്ളു: ബിജെപി അംഗത്വമെടുത്തതിന് പിന്നാലെ പത്മജ

കോഴിക്കോട്: ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി പത്മജ വേണുഗോപാല്‍. ബിന്ദു കൃഷ്ണയുടെ വിമര്‍ശനത്തിന് മറുപടിയുമായിട്ടാണ് പത്മജ എത്തിയത്.

ഇഡി വന്നാല്‍ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ കഴിയില്ല അതുകൊണ്ട് ബിജെപിയില്‍ ചേരുകയേ നിവൃത്തിയുള്ളു. അത്രയേ ഞാനും ചെയ്തുള്ളുവെന്നാണ് പദ്മജ വേണുഗോപാല്‍ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ബിജെപി ആസ്ഥാനത്ത് പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പത്മജയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് വന്നത്.

അതേസമയം, പോസ്റ്റിട്ട് അഞ്ച് മിനുട്ടിനകം പോസ്റ്റ് ഡിലീറ്റാവുകയും ചെയ്തു. പത്മജ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തുന്നതിന് പിന്നാലെ അത് നിഷേധിച്ച് പോസ്റ്റ് ഇട്ടതും ഇതേ പേജിലായിരുന്നു.

ഇന്ന് വൈകിട്ടാണ് പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നത്. പ്രകാശ് ജാവഡേക്കറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസില്‍ കുറേ വര്‍ഷങ്ങളായി അസംതൃപ്തയായിരുന്നെന്ന് പത്മജ പറഞ്ഞു. പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി താന്‍ അവഗണന നേരിട്ടു. പരാതികള്‍ നല്‍കിയിട്ടും പരിഹരിച്ചില്ല. തനിക്ക് മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല. തൃശൂരിലേക്ക് കടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായി. മോഡിയുടെ പ്രവര്‍ത്തനം തന്നെ ആകര്‍ഷിച്ചെന്നും പത്മജ പറഞ്ഞു.

Exit mobile version