ഇനി താമരയ്‌ക്കൊപ്പം, ബിജെപി അംഗത്വം സ്വീകരിച്ച് പത്മജ വേണുഗോപാല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവായിരുന്ന കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഇനി ബിജെപിയില്‍. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവ്‌ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് പത്മജ പാര്‍ട്ടി ആസ്ഥാനത്തെത്തിയത്.

ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് തന്നെ ബിജെപി അംഗത്വമെടുക്കാന്‍ പത്മജ തീരുമാനിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ അടക്കമുള്ള നേതാക്കളുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇന്ന് പാര്‍ട്ടി അംഗത്വമെടുക്കാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. ഒഴിവുള്ള ഗവര്‍ണര്‍ സ്ഥാനം ബിജെപി നേതൃത്വം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.

പത്മജ ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹം ഇന്നലെ രാവിലെ മുതല്‍ പ്രചരിച്ചിരുന്നു. ഭര്‍ത്താവ് വേണുഗോപാലാണ് പത്മജ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആദ്യം സ്ഥിരീകരണം നല്‍കിയത്. തൊട്ട് പിന്നാലെ വാര്‍ത്തയോട് പ്രതികരിച്ച പത്മജയും ബിജെപി പ്രവേശനം നിഷേധിച്ചിരുന്നില്ല. കോണ്‍ഗ്രസ് നേതൃത്വവുമായി പത്മജ കുറച്ചു കാലമായി നല്ല ബന്ധത്തിലല്ല.

നേതൃത്വം തന്നെ തഴയുന്നു എന്ന ആക്ഷേപവും അവര്‍ ഉന്നയിക്കുന്നു. രാജ്യസഭാ സീറ്റില്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്നെങ്കിലും അത് ലീഗിന് നല്‍കാമെന്ന ധാരണ പത്മജയെ പ്രകോപിപ്പിച്ചു എന്നാണറിയുന്നത്. കരുണാകരന്‍ സ്മാരക മന്ദിരത്തിന്റെ നിര്‍മ്മാണം വൈകുന്നതും പ്രകോപനമായി. തൃശൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ല എന്ന ആരോപണവും പത്മജ ഉന്നയിച്ചിരുന്നു. പത്മജയുടെ ഈ അതൃപ്തികളെല്ലാം മുതലെടുത്തു കൊണ്ടാണ് ബിജെപി ഇപ്പോള്‍ നീക്കം നടത്തിയിരിക്കുന്നത്.

മടുത്തിട്ടാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് പത്മജ. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും പത്മജ വ്യക്തമാക്കി. ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പത്മജയുടെ പ്രതികരണം.

ബിജെപിയില്‍ നല്ല ലീഡര്‍ഷിപ്പാണുള്ളത്, തന്നെ തോല്‍പിച്ചവരെയൊക്കെ അറിയാം, കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്‍പിച്ചത്, ഇപ്പോള്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍ നടത്തിയ ചതിയാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹം തന്നെ പിന്നീട് ഇത് തിരുത്തിക്കോളുമെന്നും പത്മജ പറഞ്ഞു. തന്റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരനെ വരെ പാര്‍ട്ടി കൈവിട്ടുവെന്ന ധ്വനിയും പത്മജ നല്‍കുന്നു. അച്ഛന്‍ ഏറെ വിഷമിച്ചാണ് അവസാനകാലത്ത് ജീവിച്ചതെന്നും, താന്‍ അച്ഛനെ വിഷമിപ്പിച്ചിട്ടേയില്ലെന്നും പത്മജ.

Exit mobile version