‘ബോധപൂർവ്വം അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തിൽ പ്രവർത്തിച്ചു’; സുരേഷ് ഗോപിക്ക് എതിരെ പോലീസ് കുറ്റപത്രം

കോഴിക്കോട്: കോഴിക്കോട് വെച്ച് മാധ്യമപ്രവർത്തകയ്ക്ക് നേരെ അപമര്യാദയായി പെരുമാറിയ കേസിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചു. ബോധപൂർവ്വം അതിജീവിതയ്ക്ക് മാനഹാനി ഉണ്ടാക്കുന്നതരത്തിൽ സുരേഷ് ഗോപി പ്രവർത്തിച്ചുവെന്നാണ് നടക്കാവ് പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

സുരേഷ് ഗോപിക്ക് എതിരെ ഐപിസി 354, പോലീസ് ആക്ടിലെ 119 എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 27-ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽവെച്ചായിരുന്നു മാധ്യമപ്രവർത്തകയോടുള്ള നടന്റെ മോശം പെരുമാറ്റം.

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടർ ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയുടെ തോളിൽ കൈവെക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും തോളിൽ കൈവെക്കുന്നത് ആവർത്തിച്ചപ്പോൾ സുരേഷ് ഗോപിയുടെ കൈ മാധ്യമ പ്രവർത്തക എടുത്ത് മാറ്റുകയും ചെയ്തിരുന്നു.

ALSO READ- ‘ഒരു പോസ്റ്റിനും കമന്റ് ചെയ്യില്ല; സോഷ്യൽമീഡിയ ഓഫ് ചെയ്ത് പോയിരുന്ന് പഠിക്കൂ’; ഈ ട്രെൻഡ് വിഡ്ഢിത്തമെന്ന് നടൻ സിദ്ധാർത്ഥ്

പിന്നീട് സംഭവം വിവാദമായതോടെ വാത്സല്യപൂർവ്വമായിരുന്നു തന്റെ പെരുമാറ്റമെന്നായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. വിഷയത്തിൽ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം തള്ളിക്കളഞ്ഞ ് മാധ്യമ പ്രവർത്തക പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു. കേസിൽ പരാതിക്കാരിയുടെ മൊഴി പോലീസും മജിസ്‌ട്രേറ്റും രേഖപ്പെടുത്തിയിരുന്നു.


പിന്നീട് കേസിൽ സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് പോലീസ് വിട്ടയച്ചിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമായിരുന്നു സുരേഷ് ഗോപിക്കെതിരേ കേസെടുത്തിരുന്നത്. ഈ സാഹചര്യത്തിൽ സുരേഷ് ഗോപി മുൻകൂർ ജാമ്യവും തേടിയിരുന്നു.

Exit mobile version