നാലായിരം രൂപയ്ക്ക് ഐഫോണ്‍ ! രണ്ടാമതൊന്ന് ചിന്തിച്ചില്ല ഓര്‍ഡര്‍ കൊടുത്തു കാത്തിരുന്നു…അബന്ധം മനസിലായത് ഒടിപി നമ്പര്‍ ഫോണില്‍ വന്നപ്പോള്‍ !

അസം സ്വദേശി അയിജുല്‍ ഖാനാണ് തട്ടിപ്പിനിരയായത്

കോഴിക്കോട്: ഒഎല്‍എക്‌സ് വഴി തട്ടിപ്പ്. അസം സ്വദേശി അയിജുല്‍ ഖാനാണ് തട്ടിപ്പിനിരയായത്. നാലായിരം രൂപയ്ക്ക് ഐഫോണ്‍ വില്‍ക്കുന്നുണ്ടെന്ന പരസ്യം കണ്ട് താമരശ്ശേരിയില്‍ താമസിക്കുന്ന അയിജുല്‍ സാധനം ഓര്‍ഡര്‍ ചെയ്തത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥനെന്ന് കാണിച്ചായിരുന്നു പരസ്യം നല്‍കിയത്.

ഉപയോഗിച്ച സാധനങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനാണ് ഒഎല്‍എക്‌സ്. പൈസ നല്‍കിയാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഫോണ്‍ നല്‍കാമെന്നും അറിയിച്ചത് വിശ്വസിച്ച് അസം സ്വദേശി ബാങ്ക് അക്കൗണ്ടിലേക്ക് നാലായിരം രൂപ കൈമാറി. അത് കഴിഞ്ഞ് ഒഎല്‍എക്‌സ് കമ്പനിയില്‍ നിന്നാണ് പരിചയപ്പെടുത്തി മറ്റൊരാളും വിളിച്ചു. പഴയ ഫോണായതിനാല്‍ ഇന്‍ഷൂര്‍ ചെയ്യാന്‍ 5100 രൂപ കൂടി വേണമെന്ന് ആവശ്യമുന്നയിച്ചു.

അയിജുല്‍ ഖാന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും എടിഎം കാര്‍ഡിന്റെ ചിത്രങ്ങളും സംഘം വാങ്ങി. അതിനുശേഷം ഇടയ്ക്കിടയ്ക്ക് ഒടിപി നമ്പരുകള്‍ വരാന്‍ തുടങ്ങിയതോടെയാണ് തട്ടിപ്പ് മനസിലായത്. ഒടിപി നമ്പര്‍ നല്‍കിയില്ലെങ്കില്‍ ആദ്യം കൊടുത്ത തുക നഷ്ടപ്പെടുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. അതോടെ അയിജുല്‍ ഖാന്‍ താമരശ്ശേരി പൊലീസിന് പരാതി നല്‍കി.

Exit mobile version