ഒടുക്കം അമ്മിണിക്കുട്ടനെ കേരള രാഷ്ട്രീയത്തില്‍ കെട്ടിയിറക്കി..! അങ്കുശമില്ലാത്ത കാപട്യമേ, മണ്ണില്‍ ആന്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍; എകെ ആന്റണിയെ വിമര്‍ശിച്ച് അഡ്വ. എ ജയശങ്കര്‍

കൊച്ചി: കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ ജയശങ്കര്‍ രംഗത്ത്. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കഴിഞ്ഞ ദിവസം കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ സംസ്ഥാന കണ്‍വീനറായി നിയമിച്ചു ഈ നടപടിയ്ക്ക് പിന്നലെയാണ് ജയശങ്കറിന്റെ വിമര്‍ശനം.നേതാക്കളുടെ മക്കളുടെ രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്തിരുന്ന ആളായിരുന്നു ആന്റണി ഇപ്പോള്‍ സ്വന്തം മകനെ രാഷ്ട്രീയത്തില്‍ ഇറക്കുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ഗുവാഹത്തിയില്‍ ചെന്ന് ഇന്ദിരാഗാന്ധിയുടെ മക്കള്‍ രാഷ്ട്രീയത്തെ എതിര്‍ത്ത വില്ലാളിവീരന്‍ ആന്റണിപില്‍ക്കാലത്ത് ഗാന്ധി കുടുംബ വാഴ്ച അംഗീകരിക്കുകയും, കെ കരുണാകരന്റെ മകന് തിരഞ്ഞെടുപ്പില്‍ സീറ്റ് വാങ്ങി നല്‍കുകയും ചെയ്തു. ഇപ്പോള്‍ സ്വന്തം മകനെ ഡിജിറ്റല്‍ മീഡിയ സെല്‍ വഴി കേരള രാഷ്ട്രീയത്തില്‍ കെട്ടിയിറക്കാനാണ് ആന്റണി ശ്രമിക്കുന്നതെന്നാണ് ജയശങ്കര്‍ പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

ഒരിടത്തൊരിടത്ത് ഒരു ആൻ്റപ്പനുണ്ടായിരുന്നു. ആദർശ ധീരൻ. അടിയന്തരാവസ്ഥ കാലത്ത് ഗുവാഹത്തിയിൽ ചെന്ന് ഇന്ദിരാഗാന്ധിയുടെ മക്കൾ രാഷ്ട്രീയത്തെ എതിർത്ത വില്ലാളിവീരൻ. സഞ്ജയ് ഗാന്ധിയെ കേരളത്തിൽ കാലെടുത്തു കുത്താൻ അനുവദിക്കാതിരുന്ന ധർമ്മപുത്രൻ.

കാലം മാറി, കഥ മാറി. ആൻ്റപ്പൻ പിൽക്കാലത്ത് അല്പം വിട്ടുവീഴ്ച ചെയ്തു. ഗാന്ധി കുടുംബ വാഴ്ച അംഗീകരിച്ചു; കരുണാകരൻ മൂത്രമൊഴിക്കാൻ പോയപ്പോൾ മകൻ കിങ്ങിണിക്കുട്ടനു സീറ്റ് വാങ്ങിക്കൊടുത്തു. അപ്പോഴും അവനവന്റെ കാര്യത്തിൽ ആദർശവാനായി തുടർന്നു.

കാലം പിന്നെയും മാറി. ഇപ്പോൾ മകൻ അമ്മിണിക്കുട്ടനെ കേരള രാഷ്ട്രീയത്തിൽ കെട്ടിയിറക്കുന്നു.

കിങ്ങിണിക്കുട്ടൻ സേവാദൾ വഴിയാണ് വന്നതെങ്കിൽ, ഡിജിറ്റൽ മീഡിയ സെൽ വഴിക്കാണ് അമ്മിണിക്കുട്ടൻ്റെ രംഗപ്രവേശം.

അങ്കുശമില്ലാത്ത കാപട്യമേ, മണ്ണിൽ
ആൻ്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാൻ!

Exit mobile version