കെഎസ്ആര്‍ടിസി ബസ് ഇടിച്ചിട്ടു: നടന്‍ കാര്‍ത്തിക് പ്രസാദിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

തിരുവനന്തപുരം: സീരിയല്‍ ചലച്ചിത്ര താരം കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്കേറ്റു. തമ്പാനൂരില്‍ വെച്ച് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ കാര്‍ത്തിക് പ്രസാദിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 10.30-നായിരുന്നു അപകടം.

കാത്തിക് പ്രസാദിന് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും കാലിനും പൊട്ടലുണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ നടത്തി. മുഖത്ത് ചെറിയ പരിക്കുകളുള്ളതിനാല്‍ പ്ലാസ്റ്റിക് സര്‍ജറിയും നടത്തി. തന്റെ തുടര്‍ ചികിത്സ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ തുടരുമെന്ന് നടന്‍ വ്യക്തമാക്കി.

കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയാണ് കാര്‍ത്തിക് പ്രസാദ്. 20 വര്‍ഷമായി സിനിമാ-സീരിയല്‍ രംഗത്തുണ്ട്. മൗനരാഗം സീരിയലിലൂടെയാണ് ശ്രദ്ധ നേടുന്നത്. കോഴിക്കോട് മാതൃഭൂമി ഓഫീസിലെ ജീവനക്കാരന്‍ കൂടിയാണ് കാര്‍ത്തിക്.

Exit mobile version