ഷൂട്ടിംഗിനായി നിര്‍മ്മിച്ച വീട് അര്‍ഹതപ്പെട്ട കുടുംബത്തിന്: ‘അന്‍പോട് കണ്‍മണി’ വീടിന്റെ താക്കോല്‍ കൈമാറി സുരേഷ് ഗോപി

തലശ്ശേരി: മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേണ്ടി നിര്‍മ്മിച്ച പുതിയ വീട് ചിത്രീകരണത്തിന് ശേഷം അര്‍ഹതപ്പെട്ട കുടുംബത്തിന് കൈമാറി. ‘ക്രീയേറ്റീവ് ഫിഷിന്റെ’ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിച്ച് ലിജു തോമസ് സംവിധാനം ചെയ്യുന്ന, ‘അന്‍പോട് കണ്‍മണി’ എന്ന ചിത്രത്തിലെ വീടാണ് ചരിത്രനിമിഷമായത്.

തലശ്ശേരിയിലാണ് വീടുണ്ടാക്കിയത്. കോടികള്‍ ചെലവിട്ട് സെറ്റ് വര്‍ക്ക് ചെയ്യുന്നതിന് പകരം വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിര്‍മ്മിച്ച് അവിടെ വെച്ച് ഷൂട്ടിങ് നടത്തുകയും, ശേഷം ആ വീട് കൈമാറുകയും ചെയ്തിരിക്കുകയാണ് ‘അന്‍പോട് കണ്‍മണി’യുടെ അണിയറപ്രവര്‍ത്തകര്‍. വീടിന്റെ താക്കോല്‍ദാന കര്‍മ്മം സുരേഷ് ഗോപി നിര്‍വഹിച്ചു.

തുടക്കത്തില്‍ വീടിന് സെറ്റിടാന്‍ തീരുമാനിച്ചെങ്കിലും ചിത്രീകരണത്തിന് ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിര്‍മിക്കാനുള്ള തീരുമാനിച്ചത്. പിന്നോക്കാവസ്ഥയിലുള്ള ഒരു കുടുംബത്തിന് സ്വന്തമായൊരു വീട് എന്ന് സ്വപ്നം സാക്ഷാത്കരിക്കാന്‍ ക്രിയേറ്റീവ് ഫിഷിന് സാധിച്ചു,’ നിര്‍മ്മാതാവ് വിപിന്‍ പവിത്രന്‍ പറഞ്ഞു.

അര്‍ജുന്‍ അശോകന്‍, അനഘ നാരായണന്‍, ജോണി ആന്റണി, അല്‍ത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാല പാര്‍വതി, സംവിധായകന്‍ മൃദുല്‍ നായര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സരിന്‍ രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു

Exit mobile version