ഗാന ഗന്ധര്‍വ്വന് 84-ാം പിറന്നാള്‍: 84 ചിത്രങ്ങള്‍ വരച്ച് ഞെട്ടിച്ച് ആരാധകന്‍

കൊച്ചി: ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ 84-ാം പിറന്നാളിന് അപ്രതീക്ഷിത സമ്മാനവുമായി ആരാധകന്‍. യേശുദാസിന്റെ 84 ചിത്രങ്ങള്‍ വരച്ചിരിക്കുകയാണ് ആരാധകന്‍. എറണാകുളം ചെറായി സ്വദേശി വിനോദ് ഡിവൈനാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്. കോവിഡ് കാലം മുതലാണ് വിനോദ് യേശുദാസിനെ വരയ്ക്കാന്‍ തുടങ്ങിയത്.

ഒന്നില്‍ നിന്ന് രണ്ടായി ഇരുപതായി. അവസാനം എണ്‍പത്തിനാലിലേക്ക് എത്തി. ചെറായി കരുത്തല ജംഗ്ഷനില്‍ 32 വര്‍ഷമായി സ്റ്റിക്കര്‍ വര്‍ക്ക് കട നടത്തുന്ന വിനോദ് 10 രൂപയുടെ പേന ഉപയോഗിച്ചാണ് വരയ്ക്കുന്നത്. ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ചതും, മറ്റുള്ളവര്‍ അയച്ചു നല്‍കിയതുമായ ചിത്രങ്ങളാണ് ക്യാന്‍വാസിലേക്ക് പകര്‍ത്തിയത്. യേശുദാസിനോടുള്ള ആരാധനയില്‍ തുടങ്ങിയതാണ് വരയെന്ന് വിനോദ് പറയുന്നു.

യേശുദാസിനൊപ്പം പ്രവര്‍ത്തിച്ചവരുടേതടക്കം 150 ചിത്രങ്ങള്‍ ഇതിനോടകം വിനോദ് വരച്ചിട്ടുണ്ട്. യേശുദാസ് എണ്‍പത്തിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന ബുധനാഴ്ച ആലുവയില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

Exit mobile version