‘സ്വരമാധുര്യം നിറഞ്ഞതും ആത്മാവിനെ തൊട്ടുണര്‍ത്തുന്നതുമാണ് യേശുദാസിന്റെ സംഗീതം’; ഗാനഗന്ധര്‍വന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഡി

ന്യൂഡല്‍ഹി: എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് മോഡി ഗാനഗന്ധര്‍വന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

‘സ്വരമാധുര്യം നിറഞ്ഞതും ആത്മാവിനെ തൊട്ടുണര്‍ത്തുന്നതുമാണ് യേശുദാസിന്റെ സംഗീതം. ആബാലവൃദ്ധം ജനങ്ങളും അദ്ദേഹത്തിന്റെ സംഗീതം ഏറ്റെടുക്കാന്‍ കാരണവും ഇതാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന് വിലപ്പെട്ട സംഭാവനകളാണ് അദ്ദേഹം നല്‍കിയത്. പിറന്നാള്‍ ദിനത്തിന് യേശുദാസിന് ആയുരാരോഗ്യം നേരുന്നു’ എന്നാണ് മോഡി ട്വിറ്ററില്‍ കുറിച്ചത്.

1940 ജനുവരി പത്തിനാണ് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി കെജെ യേശുദാസ് എന്ന കട്ടാശേരി ജോസഫ് യേശുദാസിന്റെ ജനനം. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ നേടിയ ഗായകന്‍ കൂടിയാണ് യേശുദാസ്. എട്ട് തവണയാണ് അദ്ദേഹം മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയത്. കേരള, തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

Exit mobile version