സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ച് റദ്ദാക്കിയ ടിക്കറ്റുമായി ടെര്‍മിനലിന് അകത്ത് കയറി, നെടുമ്പാശ്ശേരിയില്‍ യുവാവ് പിടിയില്‍

ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റ് റദ്ദാക്കിയത്.

കൊച്ചി: റദ്ദാക്കിയ ടിക്കറ്റുമായി വിമാനത്താവള ടെര്‍മിനലിന് അകത്ത് കയറിയ ആള്‍ നെടുമ്പാശ്ശേരിയില്‍ പിടിയിലായി. തൃശൂര്‍ വടക്കേക്കാട് സ്വദേശി ഫൈസല്‍ ബിന്‍ മുഹമ്മദാണ് പിടിയിലായത്. ഇയാള്‍ ആദ്യം ഖത്തര്‍ എയര്‍വെയ്‌സ് വിമാനത്തില്‍ ദോഹയ്ക്കു പോകുന്നതിനുള്ള ടിക്കറ്റ് എടുത്തിരുന്നെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റ് റദ്ദാക്കിയത്.

ഇതേ ടിക്കറ്റ് കാണിച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഇയാള്‍ വിമാനത്താവളത്തിന് അകത്ത് കടന്നത്. ദോഹയ്ക്ക് പോകേണ്ടിയിരുന്ന കുടുംബാംഗങ്ങളെ വിമാനത്താവള ടെര്‍മിനലിന് അകത്ത് സഹായിക്കുന്നതിന് വേണ്ടിയാണ് അകത്ത് കയറിയത് എന്നാണ് ഫൈസല്‍ ബിന്‍ മുഹമ്മദിന്റെ വാദം.

എന്നാല്‍ വിമാനക്കമ്പനിയുടെ കൗണ്ടറില്‍ പരിശോധിക്കുമ്പോള്‍ മാത്രമേ ടിക്കറ്റ് റദ്ദായ വിവരം മറ്റുള്ളവര്‍ക്ക് മനസിലാവുകയുള്ളൂ. അതുകൊണ്ടാണ് റദ്ദാക്കിയ ടിക്കറ്റാണോ എന്നറിയാതെ സി ഐ എസ് എഫുകാര്‍ ടെര്‍മിനലിന് അകത്തേക്ക് കടത്തിവിട്ടത്.

എന്നാല്‍ അകത്ത് കയറിയ ഫൈസലിന് പുറത്തേക്ക് ഇറങ്ങാന്‍ കഴിഞ്ഞില്ല. വിമാനത്താവളത്തിന് അകത്ത് പുറത്തിറങ്ങാന്‍ വഴി തേടി നടന്നയാളെ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍, കൈയ്യിലുണ്ടായിരുന്ന ടിക്കറ്റ് പരിശോധിക്കുകയായിരുന്നു. റദ്ദാക്കിയ ടിക്കറ്റാണെന്ന് പരിശോധനയില്‍ മനസിലായതോടെയാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

Exit mobile version