കൊല്ലം: കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ എല്‍പി സ്‌കൂള്‍ താത്കാലിക സ്വീപ്പര്‍ അറസ്റ്റില്‍. ഏരൂരിലാണ് സംഭവം. തുമ്പോട് വള്ളിക്കോട് സ്വദേശിയായ കുമാരപിള്ള (60) ആണ് അറസ്റ്റിലായത്. അഞ്ച് കുട്ടികളുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
അധ്യയന വര്‍ഷം തുടങ്ങി മൂന്നാം മാസം തുടങ്ങിയതാണ് കുമാരപിള്ളയുടെ ലൈംഗികാതിക്രമം. അധ്യാപകര്‍ എത്തും മുന്‍പ് രാവിലെ എട്ടേമുക്കാലോടെ സ്‌കൂളില്‍ എത്തി പത്രം വായിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന കുട്ടികളാണ് പ്രധാന ഇര. ഉച്ചഭക്ഷണ ഇടവേളയിലും ഇയാള്‍ കുട്ടികളോട് മോശമായി പെരുമാറും.
കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു. അവര്‍ മറ്റ് കുട്ടികളുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോഴാണ് കൂടുതല്‍ കുട്ടികള്‍ക്ക് സമാന അനുഭവം ഉണ്ടായതായി അറിഞ്ഞത്.
തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ 5 പേര്‍ ഏരൂര്‍ പോലീസില്‍ പരാതി നല്‍കി. പോക്‌സോ ഉള്‍പ്പെടെ ചുമത്തി കേസെടുത്ത പോലീസ് കുട്ടികളുടെ വീടുകളിലെത്തി മൊഴിയെടുത്തു.
ALSO READ കുറി നടത്തി കിട്ടിയ പണവുമായി കാശ്മീരിലേക്ക് വിനോദയാത്ര, ഒടുവില്‍ നാല് സുഹൃത്തുക്കള്‍ മടങ്ങിയെത്തിയത് ജീവനറ്റ ശരീരമായി, നാടിനെ നടുക്കി വാഹനാപകടം
പോലീസ് അന്വേഷണം തുടങ്ങിയതോടെ നെഞ്ചുവേദനയെന്ന് പറഞ്ഞ് കുമാരപിള്ള അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കേസുകളുടെ എണ്ണം കൂടിയതോടെ അന്വേഷണം പുനലൂര്‍ ഡി.വൈ.എസ്.പി അന്വേഷണം ഏറ്റെടുത്തു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.