‘കേരള വിദ്യാഭ്യാസ മാതൃക പ്രകീർത്തിക്കപ്പെട്ടത്; കേരളം മുൻപന്തിയിലാണ്’; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിലപാട് തള്ളി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ അർഹതയില്ലാത്ത വിദ്യാർത്ഥികൾക്കും എ പ്ലസും എ ഗ്രേഡും നൽകുകകയാണെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിലപാട് തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കലും മെച്ചപ്പെടുത്തലുമാണ് സർക്കാർ നയമെന്നും വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ആഭ്യന്തരയോഗത്തിൽ പറഞ്ഞത് സർക്കാർ നയമല്ലെന്നും മന്ത്രി വ്യക്തമാക്കി.

തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല. കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുക എന്നത് സർക്കാർ നയമല്ലെന്നും എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടുകൊണ്ടും ഗുണമേന്മ വർധിപ്പിക്കുക എന്നതാണ് സർക്കാർ നയമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

സർക്കാർ ഇക്കാര്യത്തിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുൻപന്തിയിലാണ്. കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ- വ്യാജ ഐഡി കാര്‍ഡ് സ്വയം ഉണ്ടാക്കി, ഷൊര്‍ണൂര്‍ – നിലമ്പൂര്‍ ട്രെയിനില്‍ ടിടിഇ ചമഞ്ഞ് ടിക്കറ്റ് പരിശോധിച്ചിരുന്ന യുവാവ് പിടിയില്‍

തുടർച്ചയായി 69000ത്തോളം പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിക്കുന്നതിനെ വിമർശിച്ചാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് രംഗത്തെത്തിയത്. എസ്എസ്എൽസി പരീക്ഷയിൽ മാർക്ക് വാരിക്കോരി നൽകുന്നതിനെ രൂക്ഷമായി വിമർശിക്കുന്ന ഷാനവാസിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ വലിയ ചർച്ചയാണ് ഇക്കാര്യത്തിൽ ഉയർന്നത്.

എസ്എസ്എൽസി ചോദ്യപ്പേപ്പർ തയാറാക്കലിനായുള്ള ശിൽപശാലയ്ക്കിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്നും, ഇല്ലാത്ത കഴിവ് ഉണ്ടെന്ന് പറഞ്ഞ് കുട്ടികളെ ചതിക്കുന്നതിന് തുല്യമാണ് ഇതെന്നും ഷാനവാസ് പറയുന്നുണ്ട്.

Exit mobile version