അച്ചന്‍കോവില്‍ വനത്തില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷപ്പെടുത്തി; പ്രാഥമിക ചികിത്സ നല്‍കി വീടുകളിലേക്ക് വിട്ടു

കൊല്ലം: കൊല്ലത്ത് അച്ചന്‍കോവില്‍ വനത്തില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷപ്പെടുത്തി. ക്ലാപ്പന ഷണ്‍മുഖ വിലാസം സ്‌കൂളിലെ 27 വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയില്‍ തൂവല്‍മലയെന്ന സ്ഥലത്ത് വനത്തില്‍ അകപ്പെട്ടത്.

ആര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളില്ല. ക്ലാപ്പന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട് & ഗൈഡ്‌സില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് വനത്തില്‍ കുടുങ്ങിയത്. കുട്ടികളെ തിരികെ എത്തിക്കാന്‍ പോലീസും വനംവകുപ്പും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ ശ്രമമാണ് വിജയിച്ചത്.

ശക്തമായ മഴ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയാണ് എല്ലാവരെയും വനത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ സാധിച്ചത്. ഇന്നലെ പകല്‍ 11 മണിയോടെ വനത്തിലേക്ക് കയറിയ ഇവര്‍ വൈകിട്ട് മൂന്ന് മണിയോടെ തിരിച്ചിറങ്ങേണ്ടതായിരുന്നു. എന്നാല്‍ കനത്ത മൂടല്‍ മഞ്ഞും വനത്തില്‍ ശക്തമായി മഴ പെയ്തതും മൂലമാണ് ഇവര്‍ ഇവിടെ കുടുങ്ങിയത്. പത്ത് മണിക്കൂറോളമാണ് ഇവര്‍ വനത്തില്‍ കുടുങ്ങിയത്. കാട്ടവാസലില്‍ വെച്ച് തന്നെ ചികിത്സ ലഭ്യമാക്കിയ ശേഷം ആര്‍ക്കും ബുദ്ധിമുട്ടുകളില്ലെന്ന് ഉറപ്പാക്കിയതോടെ എല്ലാവരെയും വീടുകളിലേക്ക് തിരികെ പോകാന്‍ അനുവദിച്ചു.

Exit mobile version