പഠനത്തിലും ചിത്ര രചനയിലും മിടുക്കി; ഞെട്ടൽമാറാതെ ഉറ്റവർ; സാറ തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച ജന്മനാട്ടിൽ

കോഴിക്കോട്: കൊച്ചി ശാസ്ത്ര- സാങ്കേതിക സർവകലാശാല കാംപസിലെ സംഗീതപരിപാടി തുടങ്ങും മുൻപെ ഉണ്ടായ അപകടത്തിൽ മരിച്ച താമരശ്ശേരി സ്വദേശി സാറ തോമസിന്റെ സംസ്‌കാരം തിങ്കളാഴ്ച. വീട്ടിലെത്തിച്ചതിന് ശേഷം തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.

കുസാറ്റിലെ പൊതുദർശനത്തിനുശേഷം മൃതദേഹം താമരശ്ശേരി കോരങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. കുസാറ്റിൽ അപകടം ഉണ്ടായെന്ന വിവരം അറിഞ്ഞയുടനെ സാറയുടെ പിതാവ് തോമസ് സ്‌കറിയയും മാതാവ് റാണി സെബാസ്റ്റിയനും സഹോദരി സാനിയയും കളമശ്ശേരിയിലേക്ക് തിരിച്ചിരുന്നു.

ഇവർ പുലർച്ചയോടെ കളമശ്ശേരിയിൽ എത്തി. ദമ്പതിമാരുടെ മൂന്ന് മക്കളിൽ രണ്ടാമത്തെ ആളാണ് സാറ തോമസ്. സൂസൻ, സാനിയ എന്നിവർ സഹോദരങ്ങളാണ്. കോരങ്ങാട്ടെ വീട്ടിലുള്ള മുത്തശ്ശി ശോശാമ്മയെ മരണവിവരം ആരും അറിയിച്ചിട്ടില്ല.

സാരയുടെ പിതാവ് തോമസിന്റെ സഹോദരീപുത്രനും ഭാര്യയും കുസാറ്റിൽ അധ്യാപകരാണ്. ഇവരാണ് ആദ്യം മരണവിവരം അറിഞ്ഞത്. കുസാറ്റിലെ അപകടവിവരമറിഞ്ഞ് സാറയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഗ്രീൻ റൂമിലോ മറ്റോ ആയതിനാൽ ഫോൺ എടുക്കാൻ കഴിയാത്തതാണെന്ന് കരുതിയിരുന്നു.

ALSO READ- ‘ഹൃദയം തകർന്നുപോയി, ദുഃഖം പങ്കിടാൻ വാക്കുകളില്ല’; പാടാനെത്തും മുൻപെയുള്ള ദുരന്തത്തിൽ തകർന്ന് ഗായിക നികിത ഗാന്ധി

പിന്നീട് ആശുപത്രിയിൽ എത്തി അന്വേഷിച്ചപ്പോഴാണ് മരിച്ചവരിൽ സാറയും ഉണ്ടെന്ന് അറിഞ്ഞത്. തുടർന്ന് മോർച്ചറിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. വാർത്തയിലൂടെ വിവരം അറിഞ്ഞ് നാട്ടുകാർ സാറയുടെ വീട്ടിലെത്തുമ്പോൾ മുത്തശി ശോശാമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പഠനത്തിൽ മിടുക്കിയായ സാറ ചിത്രരചനയിലും കഴിവുതെളിയിച്ചിരുന്നു. എല്ലാ പാഠ്യേതര പ്രവർത്തനങ്ങളിലും സാറ സജീവമായിരുന്നുവെന്ന് ഉറ്റവർ പറയുന്നു. ടെക് ഫെസ്റ്റുമായി ബന്ധപ്പെട്ട് സാറയും പരിപാടികൾ അവതരിപ്പിച്ചിരുന്നു.

Exit mobile version