കുസാറ്റ് അപകടം: നവകേരള സദസ്സിന്റെ ഞായറാഴ്ചയിലെ ആഘോഷപരിപാടികൾ ഒഴിവാക്കി

കോഴിക്കോട്: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ ഉണ്ടായ അകടത്തിൽ നാല് പേർ മരിച്ചതിന്റെ പശ്ചാത്തലത്തിൽ നവകേരള സദസ്സിന്റെ ഞായറാഴ്ചയിലെ ആഘോഷപരിപാടികൾ ഒഴിവാക്കി സർക്കാർ. ഞായറാഴ്ച നടക്കുന്ന നവകേരള സദസ്സിന്റെ നാല് പരിപാടികളും ചടങ്ങ് മാത്രമായി നടത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

‘നാളത്തെ നാല് പരിപാടികളും ആഘോഷങ്ങളൊന്നുമില്ലാതെ ചടങ്ങ് മാത്രമായാകും നടക്കുക. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ വേദിയിലേക്ക് ചെല്ലുന്നു, കാര്യങ്ങൾ ജനങ്ങളോട് വിശദീകരിക്കുന്നു, അതോട് കൂടി നവകേരള സദസ്സ് സമാപിക്കും. യാതൊരുതരത്തിലുള്ള ആഘോഷപരിപാടികളും വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.’ -എന്നാണ് മന്ത്രി ആർ. രാധാകൃഷ്ണൻ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത്.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി, കുന്ദമംഗലം, ബേപ്പൂർ മണ്ഡലങ്ങളിലാണ് ഞായറാഴ്ച നവകേരള സദസ്സ് പര്യടനം നടത്തുക. രാവിലെ 11 മണിക്ക് തിരുവമ്പാടി, വൈകീട്ട് മൂന്ന് മണിക്ക് കൊടുവള്ളി, നാലരയ്ക്ക് കുന്ദമംഗലം, ആറ് മണിക്ക് ബേപ്പൂർ എന്നിങ്ങനെയാണ് നാളത്തെ സമയക്രമം.

ALSO READ- കുസാറ്റിലെ ദുരന്തം: മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു; മൂന്ന് പേരും രണ്ടാം വർഷ ബിടെക് വിദ്യാർത്ഥികൾ

കുസാറ്റിൽ ടെക് ഫെസ്റ്റിനിടെയുള്ള ഗാനമേള ആരംഭിക്കുന്നതിന് മുൻപാണ് അപകടമുണ്ടായത്. നാല് പേരാണ് മരണപ്പെട്ടത്. മരിച്ച മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂവരും വിദ്യാർത്ഥികളാണ്. അതുൽ തമ്പി, സാറ തോമസ്, ആൻ റഫ്റ്റ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മൂവരുടെയും മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റി.

അതുൽ കൂത്താട്ടുകുളം സ്വദേശിയും സാറ തോമസ് കോഴിക്കോട് താമരശ്ശേരി സ്വദേശിയുമാണ്. വടക്കൻപറവൂർ സ്വദേശിനിയാണ് മരിച്ച ആൻ റഫ്റ്റ. മൂന്നുപേരും രണ്ടാം വർഷ മരിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്. നാലമത്തെയാൾ ഒരു യുവാവാണ്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Exit mobile version