കാല്‍നൂറ്റാണ്ടായുള്ള കാത്തിരിപ്പ്: ബന്ധുക്കളുടെ സ്‌നേഹത്തണലിലേക്ക് മടങ്ങി രേണുക രാജേശ്വരി

കടുത്തുരുത്തി: കാല്‍നൂറ്റാണ്ടായുള്ള കാത്തിരിപ്പിനൊടുവില്‍ രേണുക രാജേശ്വരി ഇനി കുടുംബത്തിന്റെ സ്‌നേഹത്തണലില്‍. മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയില്‍ കേരളത്തിലെത്തിയ രേണുക ഇവിടുത്ത സ്‌നേഹപരിചരണത്തിനൊടുവിലാണ് മഹാരാഷ്ട്രയിലേക്ക് മടങ്ങുന്നത്. വൈക്കം എഎസ്പി. നകുല്‍ രാജേന്ദ്രദേശ്മുഖ് ആണ് രേണുകയ്ക്ക് സ്വന്തക്കാരുടെ അടുത്തേക്ക് മടങ്ങാന്‍ അവസരമൊരുക്കിയത്.

മേമ്മുറി ആശാഭവനിലെ അന്തേവാസിയാണ് രേണുക. 25 വര്‍ഷം മുമ്പാണ് രേണുവിനെ വീട്ടുകാര്‍ക്ക് നഷ്ടമായത്. നകുല്‍ രാജേന്ദ്ര ദേശ്മുഖ് നടത്തിയ പരിശ്രമങ്ങളാണ് രേണുകയുടെ ബന്ധുക്കളെ കണ്ടെത്തുന്നതില്‍ കലാശിച്ചത്.

രേണുകയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകുന്നതിനായി ഇവരുടെ സഹോദരനായ ബാബുറാവു ശാന്താറാം ബെഡേക്കറും ബന്ധുവായ അമിത്തും അടങ്ങുന്ന നാലംഗ സംഘമാണ് ശനിയാഴ്ച മേമുറി ആശാഭവനിലെത്തിയത്. എല്ലാവരോടും നന്ദി അറിയിച്ചു ബന്ധുക്കള്‍ക്കൊപ്പം രേണുക മടങ്ങി. എ.എസ്.പി. ദേശ്മുഖ്, ജനമൈത്രി പോലീസ് അംഗം ഞീഴൂര്‍ കൃഷ്ണന്‍കുട്ടി, ആശഭവന്‍ ഡയറക്ടര്‍ തോമസ് അറയ്ക്കപ്പറമ്പില്‍, മാഞ്ഞൂര്‍ പഞ്ചായത്തംഗം സുനു ജോര്‍ജ്, ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ. മാനുവല്‍ വര്‍ഗീസ്, സജി കാര്‍ത്തിക തുടങ്ങിയവര്‍ എത്തിയിരുന്നു.

Exit mobile version